ChuttuvattomIdukki

ലാൻഡ് ഫ്രീഡം മൂവ്മെന്റ് ജില്ലയിലെ കൃഷിക്കാരുടെ മുഖ്യ ശത്രു: എൽഡിഎഫ്

തൊടുപുഴ: സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കിയ 1960-ലെ ഭൂപതിവ് ഭേദഗതി നിയമത്തിന് അംഗീകാരം നൽകരുത് എന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഗവർണറെ കണ്ട് നിവേദനം നൽകിയ ലാൻഡ് ഫ്രീഡം മൂവ്മെന്റ് ജില്ലയിലെ കൃഷിക്കാരുടെ മുഖ്യ ശത്രുവാണെന്ന് വ്യക്തമായി കഴിഞ്ഞുവെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ സിപിഐ(എം) ജില്ലാ സെക്രട്ടറി സി വി വർഗീസ് എന്നിവർ പറഞ്ഞു. ഗവർണറെ ഉപയോഗിച്ച് ഭൂപതിവ് നിയമം നടപ്പിലാക്കാതിരിക്കാനാണ് ഇവരുടെ ശ്രമം.സംസ്ഥാന നിയമസഭ പാസാക്കിയ 11 നിയമങ്ങളാണ് ഗവർണർ തടഞ്ഞിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കുകയും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ നിരന്തരം തടസ്സപ്പെടുത്തുകയും ചെയ്യുന്ന ജോലിയാണ് ഗവർണർ ചെയ്തുകൊണ്ടിരിക്കുന്നത്. ഗവർണർ നിയമവിരുദ്ധ പ്രവർത്തനമാണ് നടത്തുന്നതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

ഗവർണറെ കണ്ട് ഭൂപതിവ് നിയമത്തിന് അംഗീകാരം നൽകരുത് എന്നാവശ്യപ്പെട്ടതിലൂടെ ജില്ലയിലെ ജനങ്ങളെയാണ് ഇവർ വഞ്ചിച്ചത്. ലാൻഡ് ഫ്രീഡം മൂവ്മെന്റ് ജില്ലയിലെ കയ്യേറ്റ മാഫിയയുടെയും കള്ളത്തടി വെട്ടുകാരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുവാനായി നിലകൊള്ളുന്ന സംഘടനയാണ്. ഭൂപതിവ് നിയമത്തിന് ചട്ടങ്ങൾ പോലും ഉണ്ടായിട്ടില്ല. അതിന് മുൻപേ നിയമത്തിനെതിരെ ഹാലിളകുന്നവരുടെ താല്പര്യം എന്താണെന്ന് ജനങ്ങൾക്ക് മനസിലാകും. 2010 സെപ്റ്റംബർ 11നാണ് കേരള ഹൈക്കോടതി മൂന്നാർ മേഖലയിൽ ഇനിയുള്ള നിർമാണങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എൻഒസി വേണമെന്നും ഈ മേഖലയിൽ ഉൾപ്പെടേണ്ട വില്ലേജുകൾ ഏതൊക്കെയാണെന്ന് തീരുമാനിച്ച് ഗവൺമെന്റിനോട് റിപ്പോർട്ട് നൽകണമെന്ന് വിധി പ്രസ്താവിച്ചത്. ഈ വിധി ഉണ്ടായിട്ടില്ലെന്ന തരത്തിലുള്ള പ്രചരണമാണ് നിവേദനക്കാർ നടത്തുന്നത്. 2011ൽ അധികാരത്തിൽ വന്ന യുഡിഎഫ് ഗവൺമെന്റ് ഹൈക്കോടതി വിധിയെ തുടർന്നുണ്ടായിട്ടുള്ള പ്രതിസന്ധി മറികടക്കുവാൻ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. 2016ലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോഴാണ് ദേവികുളം സബ് കളക്ടർ എ കൗശികൻ കോടതിക്ക് റിപ്പോർട്ട് നൽകിയത്. മൂന്നാറിൽ നിന്നും 105 കിലോമീറ്റർ അകലെയുള്ള ഉടുമ്പൻചോല താലൂക്കിലെ ചക്കുപള്ളത്തെ ആനവിലാസം ഉൾപ്പെടുന്ന എട്ടു വില്ലേജുകൾ കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള റിപ്പോർട്ടാണ് കൗശികൻ നൽകിയത്.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് കോൺഗ്രസുകാർ നിരന്തരം കോടതികൾ കയറിയിറങ്ങി നിർമ്മാണ നിയന്ത്രണം ജില്ലയിലും സംസ്ഥാനത്തും വ്യാപകമാക്കിക്കൊണ്ട് വിധികളും സമ്പാദിച്ചെടുത്തു. അധികാരത്തിലിരുന്നപ്പോൾ കോടതിവിധിക്കെതിരെ യാതൊന്നും ചെയ്യാതിരുന്ന കോൺഗ്രസ് കർഷകർക്കിടയിൽ അരാഷ്ട്രീയം പ്രവർത്തിക്കുന്നവരുമായി ഒരുമിച്ച് കൂടിയിരിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. നിയമസഭയിൽ ഏകകണ്ഠമായി പാസാക്കിയ നിയമത്തിനെതിരെ യുഡിഎഫ് ജില്ലയിൽ വലിയ രീതിയിൽ പ്രചരണം നടത്തുന്നുണ്ട്. 2010ലെ ഹൈക്കോടതി വിധിക്ക് ശേഷം നിർമ്മിച്ച അനധികൃത നിർമ്മാണങ്ങൾ ക്രമപ്പെടുത്തുന്നതിനും ഇതുവരെ കൊടുത്ത പട്ടയങ്ങളും ഇനി നൽകാനുള്ള പട്ടയങ്ങളിലും കാർഷികേതര ആവശ്യങ്ങൾക്ക് കൂടി ഭൂമി വിനിയോഗിക്കാൻ അവകാശം നൽകുന്നതുമാണ് ഭൂനിയമഭേദഗതി. ഇതിന്റെ ചട്ടങ്ങൾ ഉടനടി ഉണ്ടാകും. ഇതിനെതിരെയാണ് അരാഷ്ട്രീയ സംഘടനകൾ ഗവർണറെ കണ്ട് അംഗീകാരം നൽകരുത് എന്ന് ആവശ്യപ്പെട്ടത്. ജില്ലയെ തമിഴ്നാടിനോട് ചേർക്കണമെന്നാണ് ഇവർ നേരത്തെ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.

1961 മുതൽ ഉള്ള ഹൈറേഞ്ചിലെ ചരിത്രം പരിശോധിക്കുന്നവർക്ക് അറിയാം കോൺഗ്രസും യുഡിഎഫും എക്കാലവും കർഷക വിരുദ്ധ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന്. അമരാവതി, അയ്യപ്പൻകോവിൽ കുടിയിറക്കും അതിനെതിരെ നടന്ന ഐതിഹാസികമായ സമരവും കോൺഗ്രസുകാർ മറന്നെങ്കിലും ജനങ്ങൾ മറക്കില്ലെന്നും നേതാക്കൾ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!