ChuttuvattomIdukki

ലൈഫ് ഭവന പദ്ധതി: പണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ഇടുക്കി: സര്‍ക്കാര്‍, ആദിവാസികള്‍ക്ക് അനുവദിച്ച ലൈഫ് ഭവനങ്ങള്‍ നിര്‍മിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഗുണഭോക്താക്കളില്‍ നിന്നും പണം തട്ടിയെടുത്ത് മുങ്ങിയ കരാറുകാരന്‍ അറസ്റ്റിലായി. നാല് പേരില്‍ നിന്നായി നാലര ലക്ഷം രൂപയോളം തട്ടിയെടുത്തതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. അടിമാലി പഞ്ചായത്തിലെ കട്ടമുടി സ്വദേശി പെരുമാള്‍ പെരിയ രാജ് (42) ആണ് പിടിയിലായത്. ഒഴുവത്തടം സ്വദേശി തറത്താന്‍ പൊന്നപ്പന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പെരിയ രാജ് അറസ്റ്റിലായത്.ഭവന പദ്ധതി പ്രകാരം ആദിവാസികള്‍ക്ക് അനുവദിച്ച വീടുകള്‍ നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി ഇയാള്‍ മുന്‍കൂര്‍ പണം വാങ്ങി. പിന്നീട് വീട് പണി തുടങ്ങാതെ മുങ്ങി. പൊന്നപ്പനില്‍ നിന്ന് 2.10 ലക്ഷം രൂപയാണ് വാങ്ങിയത്. പിന്നീട് തറ മാത്രം പണിതു നല്‍കി മുങ്ങി. കൂടാതെ മറ്റു നാല് പേരില്‍ നിന്നും പണം വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ എത്തുമെന്ന് പോലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷനിലെത്താന്‍ നിര്‍ദ്ദേശിച്ചെങ്കിലും ഇയാള്‍ എത്തിയില്ല. ഇതിനിടെ കുടിയില്‍ ഉള്ളവര്‍ എസ്.ടി കമ്മീഷന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആദിവാസികള്‍ക്ക് പഞ്ചായത്ത് മുഖേന ലൈഫ് മിഷന്‍ പദ്ധതിയില്‍ കരാര്‍ എഴുതിയാണ് വീട്ടുടമയ്ക്ക് വിവിധ ഘട്ടങ്ങളിലായി പണം അനുവദിക്കുന്നത്. ഇവര്‍ക്ക് നേരിട്ട് വീട് പണിയിപ്പിക്കുവാന്‍ സാധിക്കാത്തത് മുതലെടുത്താണ് കരാറുകാര്‍ രംഗത്ത് വരുന്നത്. തുടര്‍ന്ന് കരാറുകാരുമായി എഗ്രിമെന്റ് വെച്ച ശേഷമാണ് വീട് പണിയാന്‍ ഏല്‍പ്പിക്കുന്നത്. പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന തുക മുഴുവനായി നേരത്തെ കൈപ്പറ്റിയാണ് കരാറുകാര്‍ ഇവരെ കബളിപ്പിക്കുന്നത്.രാജാക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലും സമാനമായ സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി വിവരമുണ്ട്.

Related Articles

Back to top button
error: Content is protected !!