ChuttuvattomKarimannur

കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് എച്ച് എസ് എസില്‍ ‘ലിറ്റില്‍ കൈറ്റ്സ്’ സ്‌കൂള്‍തല ക്യാമ്പ് നടത്തി

കരിമണ്ണൂര്‍: സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഏകദിന ലിറ്റില്‍ കൈറ്റ്സ് സ്‌കൂള്‍തല ക്യാമ്പ് നടന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി മാത്യു ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുട്ടികളിലെ സര്‍ഗാത്മകതയെ സാങ്കേതിക വിദ്യയുമായി സമന്വയിപ്പിച്ച്, നവീന സങ്കേതങ്ങളായ അനിമേഷന്‍, കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങ് എന്നിവയില്‍ താത്പര്യവും അവഗാഹവും ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഡിജിറ്റല്‍ ഓണം’ എന്ന ആശയത്തെ മുന്‍നിര്‍ത്തി ക്യാമ്പ് നടത്തിയത്. ഡിജിറ്റല്‍ പൂക്കളം, ഡിജിറ്റല്‍ സദ്യ എന്നിവ സൗജന്യ ഗ്രാഫിക് സങ്കേതങ്ങളായ ജിമ്പ്, ഇന്‍ക്സ്‌കേപ്പ് എന്നിവയിലും ഡിജിറ്റല്‍ ഊഞ്ഞാലാട്ടം, ഡിജിറ്റല്‍ പുലികളി എന്നിവ ടുപി ട്യൂബ്, കെഡന്‍ ലൈവ് എന്നീ സങ്കേതങ്ങളിലും കുട്ടികള്‍ പരിശീലനം നടത്തി.

കൂടാതെ പ്രോഗ്രാമിങ് സങ്കേതമായ സ്‌ക്രാച്ച് ഉപയോഗിച്ച് വിവിധ ഡിജിറ്റല്‍ ഓണക്കളികള്‍ നിര്‍മ്മിക്കാനും പരിശീലിച്ചു. സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കേരളാ ഇന്‍ഷര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ് പരിപാടി ഒരുക്കുന്നത്. ഈ വര്‍ഷം ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ‘ലിറ്റില്‍ കൈറ്റ്’കള്‍ക്കായാണ് പരിശീലനം നടന്നത്. ഉദ്ഘാടന ചടങ്ങില്‍ സ്‌കൂള്‍ സീനിയര്‍ അധ്യാപിക മേരി പോള്‍, ലിറ്റില്‍ കൈറ്റ്സ് മിസ്ട്രസ് ഇന്ദു കെ. പോള്‍, സ്‌കൂള്‍ ഐറ്റി കോര്‍ഡിനേറ്റര്‍ മിനി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ കൈറ്റ് മാസ്റ്റര്‍ ട്രെയിനറും അധ്യാപക പരിശീലകനുമായ ജോസഫ് മാത്യുവിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.

Related Articles

Back to top button
error: Content is protected !!