Idukki

മകരവിളക്ക്: സുരക്ഷക്ക് 1400 പൊലീസുകാര്‍

ഇടുക്കി: മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ കലക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ അവസാനഘട്ട അവലോകന യോഗം ചേര്‍ന്നു.12നകം എല്ലാ ഒരുക്കവും പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ 16 മേഖലകളിലായി 1400ഓളം വരുന്ന പൊലീസുകാരെ വിന്യസിക്കും.

വന്യജീവി ശല്യം നേരിടുന്ന ഭാഗങ്ങളില്‍ സ്പെഷല്‍ ആര്‍.ആര്‍.ടി. സ്‌ക്വാഡുകളെയും എലഫന്റ് സ്‌ക്വാഡിനെയും വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ 14 കി.മീ വരെ വെളിച്ച സംവിധാനം ഒരുക്കും. അടിയന്തരഘട്ടങ്ങള്‍ക്കാവശ്യമായ മുന്‍കരുതലെടുക്കാന്‍ അഗ്‌നിരക്ഷാ സേനക്കും നിര്‍ദേശം നല്‍കി.14 പോയന്‍റുകളില്‍ വാട്ടര്‍ ടാങ്കുകള്‍

ജലവകുപ്പ് പുല്ലുമേട് മുതല്‍ കോഴിക്കാനം വരെ 14 പോയന്‍റുകളില്‍ വാട്ടര്‍ ടാങ്കുകള്‍ സജ്ജീകരിച്ച്‌ കുടിവെള്ളത്തിനുള്ള സംവിധാനം ഒരുക്കും. പൊതുമരാമത്ത് വകുപ്പ് പരുന്തുംപാറ, പുല്ലുമേട് എന്നിവിടങ്ങളില്‍ ബാരിക്കേഡ് നിര്‍മിക്കും.ഉപ്പുപാറ, പുല്ലുമേട്, കോഴിക്കാനം, പരുന്തുംപാറ, പാഞ്ചാലിമേട്, പി.എച്ച്‌.സി വണ്ടിപ്പെരിയാര്‍, താലൂക്ക് ഹോസ്പിറ്റല്‍ പീരുമേട് എന്നിവിടങ്ങളില്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ടീം സജ്ജമാക്കിയിട്ടുണ്ട്. 16 ആംബുലന്‍സുകളുടെ സേവനവും ലഭ്യമാക്കും. ആയുര്‍വേദ, ഹോമിയോ വകുപ്പുകളും മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്.

ശബരിമല ഭക്തര്‍ക്കായി നിലവിലുള്ള വണ്‍വേ സംവിധാനം 13 വരെ തുടരും. മകരവിളക്ക് ദിവസം ഉച്ചക്ക് 12 വരെ കമ്ബത്തുനിന്ന് കുമളി വഴി ഭക്തരെ കടത്തിവിടും. ഒരു മണിവരെയാണ് കുമളിയില്‍നിന്ന് പുല്ലുമേട്ടിലേക്കുള്ള അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ കടത്തിവിടുന്നത്. അതിനുശേഷം വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് പീരുമേട് ഡിവൈ.എസ്.പി. ജെ. കുര്യാക്കോസ് അറിയിച്ചു.

സമയക്രമം ഉള്‍പ്പെടെ ഭക്തര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ നാല് ഭാഷകളില്‍ അനൗണ്‍സ്‌മെന്റ് നടത്തും. അവസാനഘട്ട വിലയിരുത്തലിന് 12ന് ഓണ്‍ലൈന്‍ മീറ്റിങ് കൂടാനും തീരുമാനമായി. മകരവിളക്ക് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ പൊലീസിനെ മുന്‍കൂട്ടി അറിയിക്കാന്‍ നിര്‍ദേശം നല്‍കി.

അന്നേ ദിവസം മകരവിളക്ക് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവര്‍ അംഗീകൃത ഐഡി കാര്‍ഡ് നിര്‍ബന്ധമായും ധരിക്കാനും നിര്‍ദേശം നല്‍കി.യോഗത്തില്‍ സബ് കലക്ടര്‍ അരുണ്‍ എസ്. നായര്‍, പീരുമേട് ഡിവൈ.എസ്.പി ജെ കുര്യാക്കോസ്, പീരുമേട് തഹസില്‍ദാര്‍ സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!