Vannappuram

രാത്രിയില്‍ കുട്ടികളെ കാണാതായത് ആശങ്ക പരത്തി

 

വണ്ണപ്പുറം: വീട്ടില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ട് കുട്ടികളെ കാണതായത് ആശങ്ക പരത്തി. ഏറെ സമയത്തിന് ശേഷം ഇരുവരെയും കണ്ടെത്തിയതോടെയാണ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പോലീസിനും ആശ്വാസമായത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണി മുതലാണ് വണ്ണപ്പുറം ടൗണിന് സമീപത്തുള്ള വീട്ടില്‍ നിന്നും ഇവരെ കാണാതാകുന്നത്. ഇരുവരും ചേര്‍ന്ന് അയല്‍വാസിയുടെ പറമ്പിലെ റംബൂട്ടാന്‍ മരത്തില്‍ നിന്ന് പഴം കല്ലെറിഞ്ഞു വീഴ്ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ശബ്ദം ഉണ്ടായി. ഇതുകേട്ട് വീട്ടുടമസ്ഥന്‍ പുറത്തിറങ്ങി. ഇത് കണ്ട് ഭയന്ന് ഇവര്‍ തൊട്ടടുത്തുള്ള കാട്ട് ചെടികള്‍ക്കുള്ളില്‍ ഒളിച്ചു. വീട്ടിലുണ്ടായിരുന്ന കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ വിവരം പോലീലീസില്‍ അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയതും നാട്ടുകാരും വീട്ടുകാരുമായി ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതുമെല്ലാം ഒളിസ്ഥലത്തിരുന്ന് കണ്ടെങ്കിലും ഇവര്‍ പുറത്തെത്തിയില്ല. ഏതാനും സമയത്തിന് ശേഷം സ്ഥലത്ത് നിന്നും ആള്‍ക്കൂട്ടം മാറിയത് കണ്ട ഇരുവരും തൊട്ടടുത്തുള്ള മറ്റൊരു വീടിന്റ ടെറസ്സില്‍ കയറി ഒളിച്ചു. ഇവിടെയിരുന്ന് ഇരുവരും ഉറങ്ങിപ്പോവുകയുമായിരുന്നു. കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ഈ സമയമെല്ലാം അന്വേഷണം തുടര്‍ന്നെങ്കിലും രാത്രി വൈകിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെ ഉറക്കം ഉണര്‍ന്ന കുട്ടികള്‍ വീട്ടില്‍ തിരികെയെത്തിയതോടെയാണ് ഒരു രാത്രി നീണ്ട ആശങ്കയ്ക്ക് വിരാമമായത്. കാളിയാര്‍ എസ്.എച്ച്.ഒ എച്ച്.എല്‍ ഹണിയും, എസ്.ഐ കെ.ജെ.ജോബിയും ഉള്‍പ്പെടെയുള്ളവര്‍ തിരച്ചിലിന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!