Idukki

ആമപ്പുറത്ത് പണം വെച്ചാല്‍ ഇരട്ടിക്കുമെന്ന് പറഞ്ഞ് 23 പവന്‍ തട്ടിയ കാമുകനും സുഹൃത്തും അറസ്റ്റില്‍

ഇടുക്കി: ആമയുടെ പുറത്ത് പണം വെച്ചാല്‍ ഇരട്ടിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്‌ കാമുകിയുടെ 23 പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കാമുകനും സുഹൃത്തും അറസ്റ്റില്‍. ഇടുക്കി ചുരുളിപതാല്‍ ആല്‍പ്പാറ മുഴയില്‍ കിച്ചു ബെന്നി(23), രാജസ്ഥാന്‍ മിലാക്പൂര്‍ സ്വദേശി വിശാല്‍ മീണ (28) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കിച്ചുവിന്‍റെ കാമുകിയായ ഇടുക്കി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.

എറണാകുളത്ത് ജോലി ചെയ്യുന്ന ഈ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ച്‌ ഇയാള്‍ അവരുടെ 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. യുവതിയും കിച്ചുവും പ്രണയത്തിലായിരുന്നു. സംഭവം നടക്കുന്നതിന് ഏതാനും ദിവസം മുമ്ബ് വിശാല്‍ മീണക്ക് പണം ഇരട്ടിപ്പിക്കാനുള്ള കഴിവുണ്ടെന്നും സ്വര്‍ണം നല്‍കിയാല്‍ സമാനമായി ചെയ്തു തരുമെന്ന് കിച്ചു യുവതിയെ വിശ്വസിപ്പിച്ചു.

വിശാല്‍ മീണക്ക് സ്വര്‍ണം നല്‍കുമ്ബോള്‍ സൂക്ഷിക്കണമെന്ന് കാമുകനോട് യുവതി പറഞ്ഞെങ്കിലും കിച്ചു ഉറപ്പുനല്‍കി. ഇത് വിശ്വസിച്ച്‌ മട്ടാഞ്ചേരിയില്‍ വെച്ച്സ്വര്‍ണം കൈമാറിയശേഷം മൂവരും കാറില്‍ എറണാകുളത്തേക്ക് വരുന്നതിനിടെ സിഗരറ്റ് വാങ്ങാന്‍ കിച്ചു കാര്‍ നിര്‍ത്തി പുറത്തിറങ്ങി. ഒപ്പം യുവതിയും കടയിലേക്ക് പോയി. ഈ തക്കം നോക്കി വിശാല്‍ സ്വര്‍ണവുമായി മുങ്ങുകയായിരുന്നു. യുവതി ഉടനെ നോര്‍ത്ത് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.

സി.സി.ടിവി കാമറ പരിശോധിച്ച പൊലീസ് വിവിധ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന നടത്തി ഷൊര്‍ണൂരില്‍ വെച്ച്‌ ഇയാളെ തൊണ്ടിസഹിതം അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് കിച്ചുവിന്‍റെ ഒത്താശയോടെയാണ് സ്വര്‍ണം തട്ടിയെന്ന് കണ്ടെത്തിയതോടെയാണ് യുവതിയുടെ കാമുകനെയും പ്രതിചേര്‍ത്തത്.

കിച്ചുവിനെ കബളിപ്പിച്ച്‌ സ്വര്‍ണവുമായി സ്ഥലം വിടാനായിരുന്നു വിശാലിന്‍റെ പദ്ധതി. എസ്.എച്ച്‌.ഒ പ്രതാപ ചന്ദ്രന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ ടി.എസ്. രതീഷ്, എന്‍. ആഷിക്, സി.പി.ഒമാരായ പി. വിനീത്, അജിലേഷ്, വിപിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Related Articles

Back to top button
error: Content is protected !!