Idukki

കാലവർഷം: ജില്ലയിൽ 1.42 കോടി രൂപയുടെ കൃഷി നാശം

തൊടുപുഴ: കാലവർഷം തുടങ്ങിയതു മുതൽ ജില്ലയിൽ ഉണ്ടായത് ഒരു കോടി 42 ലക്ഷം രൂപയുടെ കൃഷി നാശം. കഴിഞ്ഞ മാസം ഒമ്പതു മുതൽ ഇന്നലെ വരെ ജില്ലയിലെ കൃഷി ഭവനുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട കൃഷി നാശത്തിന്റെ കണക്കാണിത്. 956 കർഷകർക്ക് മഴയുടെ കെടുതികളിൽ നഷ്ടം നേരിട്ടു. 66.93 ഹെക്ടർ സ്ഥലത്താണ് കൃഷിനാശമുണ്ടായത്. വാഴ, ഏലം കൃഷിയാണ് വ്യാപകമായി നശിച്ചത്. പീരുമേട് ബ്ലോക്കിലാണ് കൂടുതൽ നാശമുണ്ടായത്. ഇവിടെ 462 കർഷകർക്കായി 62.23 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 16.87 ഹെക്ടർ കൃഷിയാണ് കാറ്റിലും മഴയിലും നശിച്ചത്. ഇടുക്കി ബ്ലോക്കിൽ 157 കർഷകർക്കായി 23.20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 3.02 ഹെക്ടർ സ്ഥലത്തെ കാർഷിക വിളകൾ നശിച്ചു. അടിമാലിയിൽ 147 കർഷകർക്കാണ് നഷ്ടം നേരിട്ടത്. 5.60 ഹെക്ടർ സ്ഥലത്തായി 18.24 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ദേവികുളത്ത് 103 കർഷകർക്ക് 16 ലക്ഷം രൂപയുടെ കൃഷി നാശം നേരിട്ടു. 36.92 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. ഇളംദേശം ബ്ലോക്കിൽ 14 കർഷകർക്കായി 58,000 രൂപയുടെയും നെടുങ്കണ്ടം ബ്ലോക്കിൽ 30 കർഷകർക്ക് 2.51 ലക്ഷം രൂപയുടെയും തൊടുപുഴ ബ്ലോക്കിൽ 18 കർഷകർക്ക് 1.98 ലക്ഷം രൂപയുടെയും നഷ്ടം നേരിട്ടു. കട്ടപ്പന ബ്ലോക്കിൽ 25 കർഷകർക്കായി 18 ലക്ഷം രൂപയുടെയും കൃഷി നാശമുണ്ടായി. 17.90 ഹെക്ടർ ഏലം കൃഷി നശിച്ചതായാണ് കണക്ക്. 194 കർഷകർക്ക് 12.53 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ടാപ്പ് ചെയ്യുന്ന 58 റബർ മരങ്ങളും ടാപ്പ് ചെയ്യാത്ത 55 മരങ്ങളും നശിച്ചു. കായ്ക്കുന്ന 2508 കുരുമുളക് ചെടികളും കായ്ക്കാത്ത 1300 എണ്ണവും കാറ്റിൽ തകർന്നു. 196 കർഷകർക്കാണ് നഷ്ടം നേരിട്ടത്. 25.31 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 120 കമുകും അഞ്ച് കൊക്കോയും മൂന്ന് ജാതിയും 0.570 ഹെക്ടർ മരച്ചീനിയും നശിച്ചു. 86 കർഷകരുടെ 36 ഹെക്ടർ സ്ഥലത്തെ ശീതകാല പച്ചക്കറികളും കനത്ത മഴയിൽ നശിച്ചു. 14.40 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. എല്ലാ മഴക്കാലത്തും വാഴ കൃഷിയ്ക്കാണ് വ്യാപകമായി നാശം നേരിടുന്നത്. ഓണ വിപണി കണക്കിലെടുത്ത് കൃഷി ചെയ്തിരുന്ന നൂറുകണക്കിന് വാഴകളാണ് കാറ്റിലും മഴയിലും നശിച്ചത്. കുലച്ച വാഴ 9955 എണ്ണവും കുലയ്ക്കാത്ത 7055 വാഴകളും കാറ്റിലും മഴയിലും നിലം പൊത്തിയതായാണ് കൃഷി വകുപ്പിന്റെ കണക്ക്. വാഴ കൃഷി ചെയ്ത 436 കർഷകർക്കായി 87.95 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

Related Articles

Back to top button
error: Content is protected !!