Kerala

പ്രഭാത വാർത്തകൾ

2022 | ജൂൺ 9 | വ്യാഴം | 1197 | ഇടവം 26 | അത്തം

◼️സ്വര്‍ണക്കടത്തു കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പണി തുടങ്ങി. ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ കാലാവധി ആറു മാസത്തേക്കു നീട്ടി. സ്വപ്നയ്ക്കെതിരേ മുന്‍മന്ത്രി കെ.ടി. ജലീല്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ സ്വപ്നയ്ക്കും പി.സി. ജോര്‍ജിനുമെതിരേ കേസെടുത്തു. ഗുഡാലോചന നടത്തിയെന്നും കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചും കേസെടുത്തിട്ടുണ്ട്. സ്വപ്നയെ സഹായിച്ചിരുന്ന സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സരിത്തിനെ വിജിലന്‍സ് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വിട്ടയച്ചു.

◼️പരിസ്ഥിതിലോല മേഖലയുടെ അതിര്‍ത്തി നിശ്ചയിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ കേരളം പുനഃപരിശോധന ഹര്‍ജി നല്‍കും. ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായി ഒഴിവാക്കാന്‍ കേന്ദ്ര ഉന്നതാധികാര സമിതിയെ സമീപിക്കാനും ഉന്നതതല യോഗം തീരുമാനിച്ചു. ഇതിനിടെ 2019 ല്‍ വനങ്ങളുടെ ചുറ്റളവില്‍ പൂജ്യം മുതല്‍ ഒരു കിലോ മീറ്റര്‍ വരെ സംരക്ഷിത മേഖലയാക്കാമെന്ന ഒന്നാം പിണറായി സര്‍ക്കാറിന്റെ ഉത്തരവു പുറത്തുവന്നിട്ടുണ്ട്.

◼️പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ നാളെ ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍. ഉത്തരവിനെതിരെ ഇന്നു വൈകിട്ട് നിരവധി കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും എല്‍ഡിഎഫ് ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് പിന്‍വലിക്കുന്നത് വരെ സമരം തുടരും. യുഡിഎഫ് ജൂണ്‍ 16 നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

◼️നെല്ല് അടക്കമുള്ള ഖാരിഫ് വിളകളുടെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 100 രൂപ കൂട്ടി. ഇതോടെ ക്വിന്റലിന് 2024 രൂപയാണ് താങ്ങുവില. കേന്ദ്ര മന്ത്രിസഭയിലാണ് ഈ തീരുമാനം. കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കും. കേരളത്തില്‍ ഇക്കഴിഞ്ഞ ബജറ്റില്‍ നെല്ലിന്റെ സംഭരണ വില 28 രൂപ 20 പൈസയായി ഉയര്‍ത്തിയിരുന്നു. ഇതനുസരിച്ചു കേരളത്തില്‍ ക്വിന്റലിന് 2820 രൂപയാണ് വില. ഇതില്‍ 1940 രൂപയാണ് കേന്ദ്രം നല്‍കുന്ന വിഹിതം. ഇത് ഇനി 2024 രൂപയാകും. കേരളം ആനുപാതികമായി താങ്ങുവില വര്‍ധിപ്പിച്ചാലേ കേരളത്തിലെ നെല്‍ക്കര്‍ഷകര്‍ക്കു ഗുണമാകൂ.

◼️കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം വൈകുന്നതില്‍ സര്‍ക്കാരിനും മാനേജ്മെന്റിനും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജീവനക്കാരുടെ കണ്ണീര്‍ ആരെങ്കിലും കാണണം എന്ന് കോടതി പറഞ്ഞു. ശമ്പളം കിട്ടാതെ എങ്ങനെ ജീവനക്കാര്‍ക്ക് ജീവിക്കാനാകും? ഒരുപാടു ചുമതലകളുള്ള ഒരാളെ എന്തിനാണ് സിഎംഡി ആക്കിയത്? ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും അടക്കമുള്ളവര്‍ക്കു ശമ്പളം നല്‍കാതെ മേലധികാരികള്‍ക്കു ശമ്പളം നല്‍കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കെഎസ്ആര്‍ടിസിയുടെ ആസ്തിവിവരം വേണമെന്നും കോടതി ആവശ്യപ്പെട്ടു.

◼️സ്‌കൂളുകളില്‍ കോവിഡിനെതിരേയും പകര്‍ച്ചവ്യാധികള്‍ക്കെതിരേയും വിദ്യാര്‍ത്ഥികളെക്കൊണ്ടു പ്രതിജ്ഞ ചൊല്ലിക്കും. കാമ്പയിനിന്റെ ഭാഗമായി ഓരോ ആഴ്ചയിലും പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള പ്രതിജ്ഞകള്‍ സ്‌കൂളുകളിലുണ്ടാകും. ആരോഗ്യ വകുപ്പാണ് പ്രതിജ്ഞകള്‍ വിദ്യാഭ്യാസ വകുപ്പിനു തയ്യാറാക്കിക്കൊടുക്കുക. ആദ്യത്തെ ആഴ്ചയില്‍ കോവിഡുമായി ബന്ധപ്പെട്ട പ്രതിജ്ഞയാണുണ്ടാവുക.

 

◼️കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണ നടപടികള്‍ക്കു കടിഞ്ഞാണിടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജസ്റ്റിസ് വികെ മോഹനന്‍ കമ്മീഷന്റെ സമയപരിധി ആറു മാസത്തേക്കു നീട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേരളത്തില്‍ 2020 ജൂലൈ മുതല്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങള്‍ വഴിമാറുന്നതു പരിശോധിക്കാനാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്. മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിനിടെയാണ് കാലാവധി നീട്ടിയത്.

◼️സ്വര്‍ണക്കടത്തു കേസിലെ സരിത്തിനെ കസ്റ്റഡിയിലെടുത്തത് ലൈഫ് മിഷന്‍ കേസിലെ വിവരങ്ങള്‍ ചോദിക്കാനാണെന്നും നേരത്തെ നോട്ടീസ് നല്‍കിയിരുന്നെന്നും വിജിലന്‍സ് പോലീസ്. എന്നാല്‍ നോട്ടീസ് തന്നിട്ടില്ലെന്നും സ്വപ്ന മൊഴി കൊടുത്തത് ആരു പറഞ്ഞിട്ടാണെന്നാണ് പോലീസ് തന്നോടു ചോദിച്ചതെന്നും സരിത്ത്. ലൈഫ് മിഷനെക്കുറിച്ച് ഒന്നും ചോദിച്ചില്ല. ഈ മാസം 16 ന് തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫീസില്‍ സരിത്തിനോടു ഹാജരാകാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.

◼️മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നട്ടാല്‍ പൊടിക്കാത്ത നുണകളെ വീണ്ടും നനച്ച് വളര്‍ത്താനുള്ള ശ്രമത്തെ കേരളം പുച്ഛിച്ചു തള്ളും. സിപിഎം പറഞ്ഞു.

◼️സ്വര്‍ണ്ണക്കടത്ത് കേസ് സുപ്രീംകോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷിക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ്. ഇതിനായി നിയമ വിദഗ്ദരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു. സ്വര്‍ണ്ണക്കടത്തുകേസില്‍ ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുകയാണ്. സ്വപ്ന കാര്യങ്ങള്‍ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചതാണ്. എന്നിട്ടും അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാതിരുന്നത് ബിജെപി-സിപിഎം ഒത്തുകളിയുടെ ഭാഗമാണെന്നും പി.കെ ഫിറോസ് പറഞ്ഞു.

◼️മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ചവരുടെ വിശ്വാസ്യത ചോദ്യം ചെയ്ത് സിപിഎം പൊളിറ്റ് ബ്യുറോ അംഗം എ വിജയരാഘവന്‍. പൊതുജീവിതത്തില്‍ കറുത്ത കുത്തുകള്‍ ഉള്ളവര്‍ ആണ് ആരോപണം ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായയ്ക്ക് ഒരു കളങ്കവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

◼️സ്വപ്ന സുരേഷ് കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയതോടെ കേസന്വേഷണം തടയാനാണ് സര്‍ക്കാര്‍ നീക്കമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേസിലെ പ്രധാന പ്രതി സരിത്തിനെ പാലക്കാട്ടെ ഫ്ളാറ്റില്‍നിന്നു തട്ടിക്കൊണ്ടുപോയത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

◼️മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലുകള്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളായതിനാല്‍ അഭിപ്രായം പറയുന്നില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

◼️മുഖ്യമന്ത്രിക്കെതിരേ സ്വപ്ന ആരോപണം ഉന്നയിച്ചു മണിക്കൂറുകള്‍ക്കകം സ്വര്‍ണക്കടത്തു കേസിലെ മറ്റൊരു പ്രതി സരിത്തിനെ റാഞ്ചിക്കൊണ്ടുപോയ വിജിലന്‍സ് നടപടിയില്‍ ദുരൂഹതയുണ്ടെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സര്‍ക്കാരും മുഖ്യമന്ത്രിയും എന്തെല്ലാമോ മറയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്ന് അദ്ദേഹം ആരോപിച്ചു.

◼️കേരള പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടു. 3.14 ലക്ഷം പേര്‍ പിന്തുടരുന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഓക്ക് പാരഡൈസ് എന്ന ഹാക്കേഴ്സാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നത്.

◼️സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ആരംഭിച്ചു. ആഴക്കടലിലെ അശാസ്ത്രീയ മിന്‍പിടുത്തം തടയാന്‍ സ്ഥിരം സംവിധാനത്തോടൊപ്പം തീരദേശത്ത് മത്സ്യവറുതി പാക്കേജ് നടപ്പാക്കണമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

◼️അട്ടപ്പാടി മധു വധക്കേസില്‍ പത്താം സാക്ഷി ഉണ്ണികൃഷ്ണന്‍ കൂറുമാറി. പോലീസിന് കൊടുത്ത മൊഴി സാക്ഷിയായ ഉണ്ണികൃഷ്ണന്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞു. കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമം നടത്തുന്നെന്ന് മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു.

◼️പത്തനംതിട്ടയില്‍ സ്ഥലം പോക്കുവരവിന് അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും പിടിയിലായി. ചെറുകോല്‍ വില്ലേജ് ഓഫീസര്‍ എസ് രാജീവനേയും വില്ലേജ് അസിസ്റ്റന്റ് ജിനു തോമസിനേയുമാണ് പിടികൂടിയത്. വയലത്തല സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

◼️ആലുവയില്‍ പിങ്ക് പൊലീസ് ഓഫീസറെ ആക്രമിച്ച ലഹരി വില്‍പനക്കാരിയെ അറസ്റ്റു ചെയ്തു. അക്രമണത്തില്‍ സീനിയര്‍ വനിതാ പൊലീസ് ഓഫീസറായ പിഎം നിഷയുടെ കൈക്കും കാലിനും പരിക്കേറ്റു. കൊല്‍ക്കത്ത സ്വദേശിയായ സീമയെയാണ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ ശിശുഭവനിലെ കുട്ടികള്‍ക്കു ലഹരിമരുന്ന് നല്‍കുന്നുവെന്ന് ആരോപിച്ചാണ് അറസ്റ്റ്.

◼️കാസര്‍കോട് ചിത്താരിപ്പുഴ ഗതിമാറി ഒഴുകി. ഒടുവില്‍ നാട്ടുകാര്‍ ഏറെ നേരം നീണ്ട കഠിനാധ്വാനത്തിലൂടെ പുഴയെ നേര്‍വഴിക്കു തിരിച്ചുവിട്ടു. കാസര്‍കോട് ജില്ലയിലെ അജാനൂരിലാണ് ഓലയും മണല്‍ ചാക്കുകളും ഉപയോഗിച്ച് വഴിമാറിയൊഴുകിയ പുഴയെ നാട്ടുകാര്‍ നിയന്ത്രിച്ചത്.

◼️പ്രണയാഭ്യര്‍ഥന നിരസിച്ച സഹപാഠിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നല്ലതണ്ണി എസ്റ്റേറ്റിലെ ആറുമുറി ലയത്തില്‍ ബ്രിജീഷ് (19) ആണ് അറസ്റ്റിലായത്.

◼️കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ സാക്ഷി വിചാരണയ്ക്കിടെ കൂറുമാറി. കൊല്ലപ്പെട്ട യുവതിയുടെ വസ്ത്രം രണ്ടാം പ്രതിയുടെ കയ്യില്‍ കണ്ടുവെന്നു പോലീസിനു മൊഴി നല്‍കിയിരുന്ന ഏഴാം സാക്ഷി ഉമ്മര്‍ഖാനാണ് കൂറുമാറിയത്. അതേസമയം കോവളത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തിരുവനന്തപുരം നഗരസഭയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

◼️നടിയെ ആക്രമിച്ച കേസിലെ പ്രതിക്കു പോക്സോ കേസില്‍ ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ. കേസിലെ ഒമ്പതാം പ്രതി പത്തനംതിട്ട മൈലാപ്ര സ്വദേശി സനല്‍ കുമാറിനെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2013-ല്‍ പതിനാലുകാരിയെ എറണാകുളത്ത് നിന്ന് തട്ടിക്കൊണ്ടുപോയി പഴനിയിലെ ലോഡ്ജില്‍ എത്തിച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്ന കേസിലാണ് ശിക്ഷ.

◼️മണ്ഡല മകരവിളക്കു സമയത്ത് ദേവസ്വം ജീവനക്കാരെ ജോലിക്കു നിയോഗിക്കുന്നതില്‍ മാര്‍ഗരേഖ വേണമെന്ന് ഹൈക്കോടതി. ശബരിമല ഡ്യൂട്ടിയെടുക്കാന്‍ ജീവനക്കാര്‍ തയാറാകുന്നില്ലെന്ന പരാതിക്കിടെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ശബരിമല ക്ഷേത്രത്തിന്റെ വരുമാനത്തെ ആശ്രയിക്കുന്ന 1100 ക്ഷേത്രങ്ങളുണ്ട്. മണ്ഡലകാലത്തിനു രണ്ടു മാസംമുന്‍പേ ജീവനക്കാരുടെ വിവരങ്ങള്‍ തയ്യാറാക്കണമെന്നു കോടതി ഉത്തരവിട്ടു.

◼️ബി.ജെ.പി സംസ്ഥാന ഓഫീസ് ആക്രമിച്ച കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഈ മാസം 27 ന് കോടതി വിധി പറയും. പരാതിക്കാരന്‍ ബിജെപി ഭാരവാഹിയാണ്. പ്രതികള്‍ ഡി.വൈ.എഫ്.ഐ അംഗങ്ങളുമാണ്. സാക്ഷികള്‍ ആരുമില്ല. എഫ്ഐആറില്‍ ഒരു പ്രതിയുടെ പേരുപോലും പോലീസ് രേഖപ്പെടുത്തിയിട്ടില്ല.

◼️സണ്‍ഫിലിമും കൂളിംഗ് ഫിലിമും ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഗതാഗത കമ്മീഷണര്‍ ഉത്തരവിട്ടു. പരിശോധന ഇന്നു മുതല്‍. വാഹനങ്ങളുടെ സേഫ്റ്റി ഗ്‌ളാസുകളില്‍ ഒരു രൂപമാറ്റവും അനുവദനീയമല്ലെന്ന് അറിയിപ്പില്‍ പറഞ്ഞു.

◼️നുപുര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദ പ്രസ്താവനയില്‍ രാജ്യം മാപ്പ് പറയണമെന്ന് സമസ്ത. രാജ്യത്തിനുണ്ടായ കളങ്കം തീര്‍ക്കണമെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

◼️പോക്സോ പരാതിയില്‍ അറസ്റ്റിലായ മലപ്പുറത്തെ മുന്‍ അധ്യാപകന്‍ കെ.വി ശശികുമാറിനു ജാമ്യം. രണ്ട് പോക്സോ കേസുകളിലാണ് മഞ്ചേരി പോക്സോ കോടതി ജാമ്യം അനുവദിച്ചത്. മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ച ഇയാളെ സിപിഎം പുറത്താക്കിയിരുന്നു.

◼️അഞ്ചു ദിവസത്തിനകം ദേശീയപാത 53 ല്‍ 75 കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ച് ഇന്ത്യയുടെ ദേശീയപാത അതോറിറ്റി ഗിന്നസ് റെക്കോഡ് സ്വന്തമാക്കി. ബിറ്റുമിനസ് കോണ്‍ക്രീറ്റ് റോഡാണു നിര്‍മിച്ചത്. മഹാരാഷ്ട്രയിലെ അമരാവതിക്കും അകോലയ്ക്കും ഇടയിലാണ് 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെയാണ് വിവരം പങ്കുവച്ചത്.

◼️ഐ.ഡി.ബി.ഐ. ബാങ്കില്‍ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലുള്ള എക്‌സിക്യുട്ടീവ്സിന്റെ 1044 ഒഴിവുകളും അസിസ്റ്റന്റ് മാനേജരുടെ 500 ഒഴിവുകളുമാണുള്ളത്. അവസാന തീയതി ജൂണ്‍ 17.

◼️2021 ലെ നീറ്റ് പിജി കൗണ്‍സിലിംഗില്‍ 1456 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതിനു മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റിയെ വിമര്‍ശിച്ച് സുപ്രീം കോടതി. ക്വാട്ട പ്രകാരം ഒഴിവുള്ള ബിരുദാനന്തര മെഡിക്കല്‍ സീറ്റുകള്‍ നികത്താന്‍ പ്രത്യേക കൗണ്‍സിലിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ നല്‍കി പരിഗിക്കവേയാണ് കോടതി രൂക്ഷവിമര്‍ശനം നടത്തിയത്.

◼️ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കാന്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം. ആര്‍ബിഐയുടെ പണനയ അവലോകന യോഗത്തിനു ശേഷമാണ് തീരുമാനം. റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ലിങ്ക് ചെയ്ത ശേഷം വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയിലും ലിങ്കു ചെയ്യും.

◼️നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറേക്ടറേറ്റിനു മുന്നില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിഷേധ മാര്‍ച്ചോടെയാണു ഹാജരാകുക. എംപിമാര്‍, പ്രവര്‍ത്തക സമിതിയംഗങ്ങള്‍, ലോക്സഭ, രാജ്യസഭ എം പിമാര്‍, സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ മാര്‍ച്ചില്‍ അണിനിരക്കും. ഇതുമായി ബന്ധപ്പെട്ട് എല്ലാ നേതാക്കളോടും 12 ന് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 13 നാണ് രാഹുല്‍ ഗാന്ധി ഹാജരാകുന്നത്. കൊവിഡ് ഭേദമാകാത്തതിനാല്‍ സോണിയ ഗാന്ധി ഇന്നലെ ഹാജരായില്ല.

◼️നയന്‍താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള താരവിവാഹം ഇന്ന്. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ രാവിലെ എട്ടിനു ചടങ്ങുകള്‍ ആരംഭിക്കും.

◼️ചാനല്‍ ചര്‍ച്ചക്കിടെ പ്രവാചക നിന്ദ നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മക്കെതിരെ വീണ്ടും കേസ്. ഡല്‍ഹി സൈബര്‍ ക്രൈം പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. വിദ്വേഷം പ്രചരിപ്പിച്ചതിനും ആളുകളെ പ്രകോപിപ്പിച്ച് സമാധാനത്തിന് കോട്ടം വരുതിയത്തിനുമാണ് കേസ്. വിദ്വേഷ പരാമര്‍ശം നടത്തിയ നവീന്‍ കുമാര്‍ ജിന്‍ഡലിനെതിരേയും കേസെടുത്തിട്ടുണ്ട്.

◼️ഗായകനും കോണ്‍ഗ്രസ് നേതാവുമായ മൂസെവാലയുടെ കൊലപാതകം തിഹാര്‍ ജയിലുള്ള ഗുണ്ട നേതാവ് ലോറന്‍സ് ബിഷ്ണോയിയാണ് ആസൂത്രണം ചെയ്തതെന്ന് ഡല്‍ഹി പൊലീസ്. കൊല നടത്തിയ സംഘവുമായി നേരിട്ടു ബന്ധമുള്ള മഹാകാള്‍ എന്ന പ്രതിയെ മഹാരാഷ്ട്ര പൊലിസും ഡല്‍ഹി പൊലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തു.

◼️ഹൈദരാബാദ് കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ ബലാല്‍സംഗം നടത്തിയത് സര്‍ക്കാരിന്റെ ടൊയോട്ട ഇന്നോവ സര്‍ക്കാര്‍ കാറിലാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യാ ടു ഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

◼️ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേരളാ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സേവ് ലക്ഷദ്വീപ്’ സമരത്തിന്റെ ഭാഗമായി നടത്തിയ ടെലിവിഷന്‍ ചര്‍ച്ചയില്‍ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ സി അബ്ദുള്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ദ്വീപ് പൊലീസ് കേസെടുത്തത്.

◼️വിമാനയാത്രക്കാര്‍ മാസ്‌ക് ധരിക്കണമെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. മാസ്‌ക് ധരിക്കാത്തവരെ വിമാനത്തില്‍ കയറ്റരുതെന്ന് ഉത്തരവിട്ടു.

◼️ഇന്ത്യന്‍ അതിര്‍ത്തിയായ ലഡാക്കില്‍ ചൈന നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അമേരിക്ക. ചൈനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിച്ച് വരികയാണെന്ന് അമേരിക്കന്‍ സൈനിക മേധാവി ജനറല്‍ ചാള്‍സ് എഫ്ലിന്‍ പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തിയിലെ സമാധാന അന്തരീക്ഷത്തെ ബാധിക്കുന്നതാണ് ചൈനയുടെ നടപടികളെന്നും അമേരിക്കന്‍ സൈനിക മേധാവി വ്യക്തമാക്കി.

◼️സെര്‍വിക്കല്‍ ക്യാന്‍സറിനെ ചെറുക്കാനുള്ള വാക്സിന്‍ നവംബറോടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പുറത്തിറക്കും. നവംബര്‍ മാസത്തോടെ രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്‌സിന്‍ അവതരിപ്പിക്കും.

◼️എ.എഫ്.സി. ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിലെ മത്സരത്തില്‍ കംബോഡിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ രണ്ടു ഗോളുകളും നേടിയത്.

◼️ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്ത്. ക്യാപ്റ്റനായി ഋഷഭ് പന്തിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

◼️രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബാറ്റെടുത്തവരെല്ലാം ഫിഫ്റ്റി അടിച്ച് തിരിച്ചുകയറിയപ്പോള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പുതിയ ലോക റെക്കോര്‍ഡിട്ട് പശ്ചിമ ബംഗാള്‍. ജാര്‍ഖണ്ഡിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിലാണ് ബാറ്റിംഗ് നിരയിലെ ഒമ്പത് പേര്‍ ഫിഫ്റ്റി അടിച്ച ആദ്യ ഫസ്റ്റ് ക്ലാസ് മത്സരമെന്ന റെക്കോര്‍ഡ് ബംഗാള്‍ സ്വന്തമാക്കിയത്.

◼️മലപ്പുറം ആസ്ഥാനമായ കേരള ഗ്രാമീണ്‍ ബാങ്ക് 2021-22 സാമ്പത്തികവര്‍ഷം 124.14 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷം ലാഭം 33.43 കോടി രൂപയായിരുന്നു. പ്രവര്‍ത്തനലാഭം 195.66 കോടി രൂപയില്‍ നിന്ന് 412.16 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 23 ശതമാനവും പലശയിതര വരുമാനം 27 ശതമാനവും ഉയര്‍ന്നു. മൊത്തം വരുമാനം 2,241 കോടി രൂപയില്‍ നിന്ന് 2,248 കോടി രൂപയായി മെച്ചപ്പെട്ടു. മൊത്തം ബിസിനസ് 6.50 ശതമാനം വര്‍ദ്ധിച്ച് 41,113 കോടി രൂപയായി. നിക്ഷേപം 8.4 ശതമാനവും വായ്പകള്‍ 4.5 ശതമാനവും ഉയര്‍ന്നു. 634 ശാഖകളാണ് ബാങ്കിനുള്ളത്; മൊത്തം ഇടപാടുകാര്‍ 92.34 ലക്ഷം. മൊത്തം ഇടപാടിന്റെ 87 ശതമാനവും ഡിജിറ്റലാണ്.

◼️ഇന്ത്യയുടെ പ്രാരംഭ ഓഹരിവിപണിയുടെ കുതിപ്പ് 2022ലും ആവേശംചോരാതെ തുടരുന്നു. ഈവര്‍ഷം ജനുവരി-മേയില്‍ 16 കമ്പനികള്‍ ചേര്‍ന്ന് പ്രാരംഭ ഓഹരി വില്പനയിലൂടെ (ഐ.പി.ഒ) 40,942 കോടി രൂപ സമാഹരിച്ചു. 2021ലെ സമാനകാലത്ത് 19 കമ്പനികള്‍ ചേര്‍ന്ന് സമാഹരിച്ചത് 29,038 കോടി രൂപയാണ്; ഇക്കുറി വളര്‍ച്ച 41 ശതമാനം. അതേസമയം, ഈവര്‍ഷം ഇതുവരെയുള്ള മൊത്തം സമാഹരണത്തില്‍ 21,000 കോടി രൂപയും (ഏകദേശം 50 ശതമാനം) വന്നത് എല്‍.ഐ.സിയുടെ പ്രാരംഭ ഓഹരിവില്പനയിലാണ്. രാജ്യാന്തര തലത്തില്‍ ഐ.പി.ഒ വിപണി തളര്‍ച്ചയിലാണ്. ഇക്കുറി ജനുവരി-മേയില്‍ 596 കമ്പനികള്‍ ചേര്‍ന്ന് സമാഹരിച്ചത് 8,100 കോടി ഡോളര്‍. 2021ലെ സമാനകാലത്ത് 1,237 കമ്പനികള്‍ ചേര്‍ന്ന് സമാഹരിച്ച 28,300 കോടി ഡോളറിനേക്കാള്‍ 71 ശതമാനം കുറവ്.

◼️കന്നഡ താരം രക്ഷിത് ഷെട്ടിയുടെ പുതിയ ചിത്രമാണ് ‘777 ചാര്‍ലി’. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം എത്തുക. കിരണ്‍രാജ് കെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ഇപ്പോഴിതാ 777 ചാര്‍ലി ചിത്രത്തിന്റെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘എന്‍ സര്‍വമേ’ എന്ന ഒരു ഗാനമാണ് മലയാളം പതിപ്പിലുള്ളത്. നോബിള്‍ പോളാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അനന്യയാണ് ‘എന്‍ സര്‍വമേ’ എന്ന ഗാനം പാടിയിരിക്കുന്നത്. രക്ഷിത് ഷെട്ടി നായകനാകുന്ന ചിത്രം ജൂണ്‍ 10നാണ് പ്രദര്‍ശനത്തിന് എത്തുക.

◼️മഹേഷ് ബാബു ചിത്രം സര്‍ക്കാരു വാരി പാട്ട കഴിഞ്ഞ മാസമാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിലെ കീര്‍ത്തി സുരേഷിന്റെ ഗ്ലാമറസ് നൃത്ത വീഡിയോ പുറത്തുവന്നിരിക്കുകയാണ്. മുരാരി വാ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചത് അനന്ത് ശ്രീറാം, ഈ ഗാനമാലപിച്ചതു ശ്രുതി രഞ്ജനി, എം എല്‍ ഗായത്രി, ശ്രീ കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ്. സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ അമരക്കാരനായ തമന്‍ എസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കലാവതി എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയപ്പോള്‍, മ മ മഹേശാ എന്ന അടിപൊളി ഗാനം യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡായി മാറി. ഈ ചിത്രത്തിലെ ഒരു റാപ് സോങ്ങും ശ്രദ്ധ നേടിയിരുന്നു.

◼️മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 2021 ജൂലൈയില്‍ ആണ് പുതിയ ബൊലേറോ നിയോ സബ്‌കോംപാക്റ്റ് എസ്യുവി അവതരിപ്പിച്ചത്.. നിലവില്‍, മോഡല്‍ ലൈനപ്പ് എന്‍4, എന്‍8, എന്‍10 ആര്‍, എന്‍10, എന്‍10 എന്നിങ്ങനെ അഞ്ച് വേരിയന്റുകളില്‍ ലഭ്യമാണ്. 9.29 ലക്ഷം, 10 ലക്ഷം, 11 ലക്ഷം, 11.78 ലക്ഷം എന്നിങ്ങനെയാണ് ഈ പതിപ്പുകളുടെ എക്സ്-ഷോറൂം വില. ഇപ്പോഴിതാ, 2022 അവസാനത്തോടെ എസ്യുവിയുടെ ദൈര്‍ഘ്യമേറിയ പതിപ്പ് കമ്പനി അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

 

 

Related Articles

Back to top button
error: Content is protected !!