Muthalakodam

മുതലക്കോടം സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍ ഹരിത ക്യാമ്പസാകാനൊരുങ്ങുന്നു

തൊടുപുഴ : മുതലക്കോടം സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍ ഹരിത ക്യാമ്പസാകാനൊരുങ്ങുന്നു. ജില്ലയില്‍ ലോ റേഞ്ചില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രാവര്‍ത്തികമാക്കാനൊരുങ്ങുന്ന ആദ്യ സ്‌കൂളാണ് ഇത്.സ്‌കൂള്‍ സമ്പൂര്‍ണ്ണ ഹരിതമാക്കുന്നതിന്റെ ഭാഗമായി മാലിന്യങ്ങളെ വേര്‍തിരിച്ച് ശേഖരിച്ച് ഫലപ്രദമായി സംസ്‌കരിക്കുന്നതുള്‍പ്പടെ ഹരിതകേരളം വിഭാവനം ചെയ്തിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും സ്‌കൂളില്‍ പ്രാവര്‍ത്തികമാക്കുകയാണ്.

 

ഒരുക്കങ്ങള്‍ തകൃതിയായി

സ്‌കൂളിലെ ബയോഗ്യാസ് പ്ലാന്റ് ഇതിനകം പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.സ്‌കൂളില്‍ ജൈവ- അജൈവ പാഴ്വസ്തുക്കള്‍ ഇടാന്‍ പ്രത്യേകം ബിന്നുകളും ക്രമീകരിച്ചു.അജൈവ പാഴ്വസ്തുക്കള്‍ തരംതിരിച്ച് ഹരിതകര്‍മസേനയ്ക്ക് നല്‍കുന്നതിനും തീരുമാനമായി.

 

സ്‌കൂളില്‍ 786 വിദ്യാര്‍ഥികളും 30 അധ്യാപകരും 5 അനധ്യാപകരുമാണുള്ളത്.അധ്യാപകരെല്ലാം കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങളാണ് ഉപയോഗിക്കുന്നത്.സ്‌കൂളില്‍ പച്ചക്കറിത്തോട്ടം, ശലഭ പാര്‍ക്ക്, ഔഷധത്തോട്ടം, പൂന്തോട്ടം എന്നിവയും സജ്ജമാണ്.

 

ഗ്രീന്‍ പ്രോട്ടോകോള്‍ പരിപാലിക്കുന്നതിനുള്ള ഹരിത നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബോര്‍ഡുകള്‍ സ്‌കൂളില്‍ സ്ഥാപിക്കുകയാണ്.സാനിറ്ററി പാഡുകള്‍ സംസ്‌കരിക്കുന്നതിന് സ്‌കൂളിലെ ഇന്‍സുലേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കി വരുന്നു.ദ്രവ മാലിന്യ സംസ്‌കരണത്തിന് സ്‌കൂളില്‍ സോക് പിറ്റുകള്‍ സജ്ജമാണ്. ഒറ്റത്തവണ ഉപയോഗത്തിനുള്ള വസ്തുക്കളും പ്ലാസ്റ്റിക്കുകള്‍, തെര്‍മോകോള്‍ പോലുള്ളവ പൂര്‍ണ്ണമായും നിരോധിക്കും.

 

ഹരിതപാലനത്തിനായി പ്രത്യേക കമ്മിറ്റി

 

ഹരിത പരിപാലനത്തിനായി റെക്സി ടോം നോഡല്‍ ഓഫീസറായും ആനി ജോര്‍ജ് അസിസ്റ്റന്റ് നോഡല്‍ ഓഫീസറായും എട്ടു പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.ഇതുമായി ബന്ധപ്പെട്ട യോഗം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിന്‍സി ജോസഫിന്റെ അധ്യക്ഷതയില്‍ കൂടി.ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ അമല്‍, അധ്യാപകരായ റെക്സി ടോം, ആനി ജോര്‍ജ്, ജീന മേരി അഗസ്റ്റിന്‍, ദീപ്തി ജോര്‍ജ്, റിനി സെബാസ്റ്റ്യന്‍, ജയിനി ജെയിംസ്, ബെസ്സി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!