Muttom

അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കാന്‍ സമ്മതിക്കാതെ മുട്ടം കെ.എസ്.ഇ.ബി

മുട്ടം: കെ.എസ്.ഇ.ബി അധികൃതര്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന് മരങ്ങളുടെ അപകടാവസ്ഥ പരിഹരിക്കാന്‍ കഴിയുന്നില്ല. മുട്ടം- ചള്ളാവയല്‍ റൂട്ടില്‍ തോട്ടുങ്കര പാലത്തിന് സമീപത്താണ് വാക മരത്തിന്റെ വലിയ മരങ്ങള്‍ അപകടകരമായ രീതിയില്‍ നില്‍ക്കുന്നത്. തോട്ടുങ്കര വെയ്റ്റിങ് ഷെഡിന് സമീപത്തും ലക്ഷം വീട് കോളനി പാതയോരത്തുമാണ് മരങ്ങള്‍ അപകടാവസ്ഥയിലുള്ളത്. പരപ്പാന്‍ തോടിനോട് ചേര്‍ന്ന് റോഡിന്റെ സംരക്ഷണ ഭിത്തിയിലാണ് രണ്ട് മരങ്ങളും വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നത്. രണ്ട് മരങ്ങളുടെയും ചില്ലകള്‍ നിരവധി തവണ ഒടിഞ്ഞ് വീണ് വാഹനങ്ങള്‍ക്കും മറ്റും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുമുണ്ട്. മരത്തിന്റെ വേരുകള്‍ ഇറങ്ങി സംരക്ഷണ ഭിത്തിക്ക് വിള്ളല്‍ സംഭവിച്ചതിനാല്‍ എപ്പോള്‍ വേണമെങ്കിലും മരങ്ങള്‍ കടപുഴകി വന്‍ ദുരന്തമുണ്ടാകാന്‍ സാധ്യതയേറെയാണ്. സംരക്ഷണ ഭിത്തി തകര്‍ന്നാല്‍ റോഡ് ഇടിഞ്ഞ് ആഴമുള്ള പരപ്പാന്‍ തൊട്ടിലേക്ക് പതിക്കും. തൊടുപുഴ, പാലാ, ഈരാറ്റുപേട്ട, മൂലമറ്റം, ഇടുക്കി ഭാഗങ്ങളിലേക്കുള്ള ചെറുതും വലുതുമായ അനേകം വാഹനങ്ങള്‍ കടന്ന് പോകുന്ന പാതയോരത്താണ് വന്‍ ദുരന്ത ഭീഷണിയുള്ളത്. സമീപത്തെ സ്‌കൂളില്‍ നിന്ന് കുട്ടികളടക്കം നടന്നുപോകുന്ന പാതയുമാണിത്. ഇത് സംബന്ധിച്ച് മാധ്യമ വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ മുട്ടം വില്ലേജ് ഓഫീസറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മരങ്ങളുടെ അപകടാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ കളക്ടര്‍ക്ക് കൈമാറിയിരുന്നു. മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് ദുരന്താവസ്ഥ പരിഹരിക്കണമെന്നുള്ള ഉത്തരവ് കളക്ടര്‍ പൊതുമരാമത്ത് വകുപ്പിന്റെ പാലം വിഭാഗത്തിന് കൈമാറിയിരുന്നു. എന്നാല്‍ മരത്തിന്റെ സമീപത്തൂടെ കടന്ന് പോകുന്ന വൈദ്യുതി കമ്പികള്‍ അഴിച്ച് മാറ്റിയെങ്കില്‍ മാത്രമാണ് ശിഖരങ്ങള്‍ മുറിച്ച് മാറ്റാന്‍ കഴിയൂ. ഇത് സംബന്ധിച്ച് പൊതുമരാമത്ത് പാലം വിഭാഗം വൈദ്യുതി വകുപ്പിന് കത്ത് നല്‍കിയിട്ട് ഏഴ് മാസങ്ങള്‍ കഴിഞ്ഞു. കളക്ടര്‍ നേരിട്ട് നിര്‍ദ്ദേശം നല്‍കിയെങ്കില്‍ മാത്രമാണ് ഇടപെടുകയുള്ളു എന്നാണ് വൈദ്യുതി വകുപ്പ് ഇപ്പോള്‍ പറയുന്നത് എന്നും പറയന്നു. മഴക്കാലം ശക്തമായ സാഹചര്യത്തില്‍ വൈദ്യുതി വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള ഇത്തരം സമീപനത്തില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍. ദുരന്താവസ്ഥയിലുള്ള മരങ്ങള്‍ ചുവടോടെ മുറിക്കാതെ ശിഖരങ്ങള്‍ മുറിച്ച് പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Related Articles

Back to top button
error: Content is protected !!