Karimannur

കരിമണ്ണൂര്‍ സ്‌കൂളില്‍ ‘നന്മഭവനം’ ഉദ്ഘാടനം ചൊവ്വാഴ്ച

 

 

കരിമണ്ണൂര്‍: സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്ന പദ്ധതിയായ ‘നന്മഭവനം’ പദ്ധതിയില്‍ പൂര്‍ത്തിയായ വീടിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. നന്മഭവനം പദ്ധതി പ്രകാരം നിര്‍മ്മിച്ച ആദ്യ വീടിന്റെ ആധാരം കൈമാറ്റവും താക്കോല്‍ദാനവും അടുത്തതായി നിര്‍മ്മിക്കുന്ന രണ്ട് വീടുകളുടെ നിര്‍മ്മാണ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

കോവിഡ് കാലത്ത് വിദ്യാലയത്തില്‍ നടപ്പിലാക്കിയ വിവിധ കാരുണ്യ പദ്ധതികളില്‍ ഒന്നാണ് നന്മഭവനം പദ്ധതി. വിദ്യാലയത്തിലെ സ്വന്തമായി വീടില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി സാമൂഹ്യ സഹകരണത്തോടെ വീട് നിര്‍മ്മിച്ചു നല്‍കുന്ന ഈ പദ്ധതി കരിമണ്ണൂര്‍ സെന്റ് മേരീസ് പള്ളിയുമായി സഹകരിച്ചാണ് വിഭാവനം ചെയ്തിരിക്കുന്നത്. കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് സ്‌കൂളില് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ എന്‍എസ്എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ വീടില്ലാത്ത കുട്ടികള്‍ക്കായി വീട് നിര്‍മ്മിച്ച് നല്‍കുന്ന ‘സ്‌നേഹവീട് പദ്ധതി’ വര്‍ഷങ്ങളായി നടപ്പിലാക്കി വരുന്നതാണ്. ഈ പദ്ധതിയിലൂടെ ഇതുവരെ പതിനഞ്ചു വീടുകള്‍ നിര്‍മിച്ചുനല്‍കി. എന്നാല്‍ ഹൈസ്‌കൂള്‍ വിഭാഗം ഒരു ഭവന നിര്‍മ്മാണ പദ്ധതി ഏറ്റെടുക്കുന്നത് ആദ്യമായിട്ടാണ്. വിദ്യാലയത്തിലെ എസ്പിസി, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജെആര്‍സി, കെസിഎസ്എല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പദ്ധതിയില്‍ മാനേജ്‌മെന്റ്, രക്ഷിതാക്കള്‍, അധ്യാപക-അനദ്ധ്യാപകര്‍, വിദ്യാര്‍ഥികള്‍, അഭ്യുദയകാംക്ഷികള്‍, നാട്ടുകാര്‍ എന്നിവരുടെ സഹകരണം പദ്ധതിയുടെ പൂര്‍ത്തീകരണം വേഗത്തിലാക്കാന്‍ സഹായകമായി.

കരിമണ്ണൂര്‍ പഞ്ചായത്തിലെ പന്നൂര്‍ ഭാഗത്ത് 5 സെന്റ് പുരയിടത്തില്‍ 700 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന വീടിന്റെ ഉദ്ഘാടന സമ്മേളനം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നടക്കും.

സമ്മേളനത്തിന്റെ ഉദ്ഘാടനം കോതമംഗലം രൂപത വികാരി ജനറാള്‍ റവ. ഡോ. മോണ്‍. പയസ് മലേകണ്ടം നിര്‍വഹിക്കും. കോതമംഗലം വിദ്യാഭ്യാസ ഏജന്‍സി സെക്രട്ടറി വെരി. റവ. ഫാ. മാത്യു മുണ്ടയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തും. സ്‌കൂള്‍ മാനേജര്‍ റവ.ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ആന്‍സി സിറിയക്, പ്രിന്‍സിപ്പല്‍ ബിസോയ് ജോര്‍ജ്, സ്‌കൂള്‍ പിടിഎ പ്രസിഡന്റും കരിമണ്ണൂര്‍ പഞ്ചായത്ത് അംഗവുമായ ലിയോ കുന്നപ്പള്ളി, സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ റവ. ഫാ. മാത്യു പ്ലാത്തോട്ടത്തില്‍, കരിമണ്ണൂര്‍ ഹോളിഫാമിലി എല്‍.പി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. റ്റി. തോബിയാസ്, സിഎംസി എജുക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ മരിയാന്‍സി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി മാത്യു സ്വാഗതവും നന്മഭവനം പദ്ധതി കണ്‍വീനര്‍ സാബു ജോസ് നന്ദിയും പറയും.

പരിപാടികള്‍ക്ക് സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം, സീനിയര്‍ ടീച്ചര്‍ ഷേര്‍ലി ജോണ്‍, അധ്യാപകരായ ജോ മാത്യു, സിസ്റ്റര്‍ ആന്‍സി ജോണ്‍, സോജന്‍ അബ്രഹാം, ബിജു ജോസഫ്, ജയ്‌സണ്‍ ജോസ്, ജോബിന്‍ ജോസഫ്, ജിയോ ചെറിയാന്‍, ജീസ് എം. അലക്‌സ്, ആല്‍വിന്‍ ജോസ്, ഷിജോ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും.

Related Articles

Back to top button
error: Content is protected !!