Idukki

അഖിലേന്ത്യ അന്തര്‍ സര്‍വ്വകലാശാല വനിതാ വോളിക്ക്  തുടക്കമായി 

 

ഇടുക്കി: അഖിലേന്ത്യ അന്തര്‍സര്‍വകലാശാല വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇടുക്കി ജില്ലയില്‍ സംഘടിപ്പിച്ചത് അഭിമാനകരമായ നേട്ടമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മഹാത്മാഗാന്ധി സര്‍വകലാശാല ആതിഥ്യം വഹിക്കുന്ന അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയെ സംബന്ധിച്ചു തീര്‍ത്തും പുതിയൊരനുഭവമാണിത്. മത്സരം സംഘടിപ്പിച്ചതില്‍ നേതൃപരമായ പങ്കാളിത്തം ഏറ്റെടുത്ത പാവനാത്മ കോളേജിനെ ചടങ്ങില്‍ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഭാവിയില്‍ ശ്രദ്ധേയമായ രീതിയില്‍ കായിക രംഗത്ത് വളര്‍ന്നു വരാന്‍ പാവനാത്മാ കോളേജിന് സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.

ചടങ്ങില്‍ പാവനാത്മ കോളേജ് മാനേജര്‍ റവ: ജോസ് പ്ലാച്ചിക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് മുഖ്യാതിഥിയായി. പരിപാടിയോടനുബന്ധിച്ച് ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റിയുടെയും മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയുടെയും പാവനാത്മാ കോളേജിന്റെയും പതാകകള്‍ മന്ത്രി റോഷി അഗസ്റ്റിനും കളക്ടര്‍ ഷീബ ജോര്‍ജും മാര്‍ ജോണ്‍ നെല്ലിക്കുന്നേലും സംയുക്തമായി കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉയര്‍ത്തി.

ഡിസംബര്‍ 27 നാണ് സൗത്ത്‌സോണ്‍ അന്തര്‍സര്‍വകലാശാല വനിതാ വോളിബോള്‍ 2022-23 മത്സരങ്ങള്‍ക്ക് മുരിക്കാശ്ശേരി പാവനാത്മ കോളേജില്‍ തുടക്കമായത്. സൗത്ത് സോണ്‍ അന്തര്‍ സര്‍വകലാശാല മത്സരത്തില്‍ എസ്ആര്‍എം ഇസ്താസ് ചെന്നൈ ടീം ചാമ്പ്യന്മാരായി. എംജി യൂണിവേഴ്‌സിറ്റി, എസ്ആര്‍എം ഇസ്താസ് -ചെന്നൈ, ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, പഞ്ചാബ് യൂണിവേഴ്‌സിറ്റി-പാട്യാല, പഞ്ചാബ് യൂണിവേഴ്‌സിറ്റി-ഛാന്ധിഗര്‍, ജിഎന്‍ഡിയു-അമൃത്സര്‍, ഹിമാചല്‍പ്രദേശ് യൂണിവേഴ്‌സിറ്റി, അഡമാസ് യൂണിവേഴ്‌സിറ്റി-കല്‍ക്കട്ട, കെഐഐടി യുണിവേഴ്‌സിറ്റി-ഭൂവനേശ്വര്‍, യൂണിവേഴ്‌സിറ്റി ഓഫ് കല്‍ക്കട്ട-വെസ്റ്റ് ബംഗാള്‍, യൂണിവേഴ്‌സിറ്റി ഓഫ് ബര്‍ധ്വാന്‍- വെസ്റ്റ് ബംഗാള്‍, ശ്രീകുശാല്‍ ദാസ് യൂണിവേഴ്‌സിറ്റി ഹനുമങ്കര്‍-രാജസ്ഥാന്‍, സവിത്രിബായി പൂന യൂണിവേഴ്‌സിറ്റി- മഹാരാഷ്ട്ര, എല്‍എന്‍ഐപിഇ ഗ്വാളിയാര്‍- മദ്ധ്യപ്രദേശ്, രാഷ്ട്രസന്ത് തുഗ്‌ഡോജി മഹാരാജ് യൂണിവേഴ്‌സിറ്റി- നാഗ്പൂര്‍ എന്നീ 16 ടീമുകളാണ് അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്.

ഉദ്ഘാടന ചടങ്ങില്‍ വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, വൈസ് പ്രസിഡന്റ് ഡിക്ലര്‍ക്ക് സെബാസ്റ്റ്യന്‍, കോട്ടയം യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡീന്‍ ആന്‍ഡ് ഡയറക്ടര്‍ പ്രൊഫ. ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി റവ. ഡോ. ജോര്‍ജ് തകിടിയേല്‍, പാവനാത്മാ കോളേജ് പ്രിന്‍സിപ്പല്‍ ബെന്നിച്ചന്‍ സ്‌കറിയ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സജി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!