Kerala

നീരൊഴുക്ക് കൂടിയെങ്കിലും ഡാമുകള്‍ തുറക്കേണ്ടതില്ല: കെഎസ്ഇബി

തിരുവനന്തപുരം : വൃഷ്ടിപ്രദേശങ്ങളില്‍ നീരൊഴുക്ക് കൂടിയെങ്കിലും ഇടുക്കിയിലെ കുണ്ടള ഒഴികെ മറ്റു പ്രധാന അണക്കെട്ടുകള്‍ തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് വൈദ്യുതി ബോര്‍ഡ്.കുണ്ടള അണക്കെട്ട് ഇന്നു രാവിലെ പത്തിന് തുറക്കും. കുണ്ടള അണക്കെട്ടില്‍ സംഭരണശേഷിയുടെ 94 ശതമാന‌ം നിറഞ്ഞതിനെ തുടര്‍ന്നാണ് തുറക്കുന്നത്. മറ്റ് അണക്കെട്ടുകളുടെ ജലനിരപ്പില്‍ ആശങ്കവേണ്ട. ഇടുക്കി ഉള്‍പ്പടെയുള്ള അണക്കെട്ടുകളിലെ നീരൊഴുക്ക് നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ഇടുക്കിയില്‍ ഉള്‍പ്പെടെ കനത്തമഴ പെയ്തെങ്കിലും അണക്കെട്ടുകളിലെ ജലനിരപ്പ് നിയന്ത്രണവിധേയമാണ്.

സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കിയില്‍ ജലനിരപ്പ് 723.08 മീറ്റര്‍ എത്തിയെങ്കിലും സംഭരണശേഷിയുടെ 66 ശതമാനം മാത്രമേ വെള്ളമുള്ളൂ. അതുകൊണ്ടുതന്നെ സമീപദിവസങ്ങളില്‍ അണക്കെട്ട് തുറക്കേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ഇപ്രകാരം:

ഗ്രൂപ്പ് -1

∙ ഇടുക്കി , ജലനിരപ്പ് -723.08 മീറ്റര്‍ (66%)

∙ ഇടമലയാര്‍, ജലനിരപ്പ് – 156.87 മീറ്റര്‍ (67%)

∙ കുണ്ടള, ജലനിരപ്പ് – 1758 മീറ്റര്‍ (94%)

∙ പമ്പ, ജലനിരപ്പ് – 971 മീറ്റര്‍ (61%)

∙ മാട്ടുപ്പെട്ടി, ജലനിരപ്പ് – 1593 മീറ്റര്‍ (69%)

∙ ഷോളയാര്‍, ജലനിരപ്പ് – 808.81 മീറ്റര്‍ (83%)

ഗ്രൂപ്പ് രണ്ടില്‍ ഉള്‍പ്പെടുന്ന ചെറിയ അണക്കെട്ടുകളില്‍ പൊന്മുടിയില്‍ ജലനിരപ്പ് 93 ശതമാനത്തിലെത്തി. ബാണാസുരയില്‍ 73 ശതമാനം. കുറഞ്ഞസമയത്ത് കനത്ത മഴ പെയ്താല്‍ ഈ അണക്കെട്ടുകളിലെ ജലനിരപ്പ് നിയന്ത്രിക്കേണ്ടിവരും. തല്‍ക്കാലം അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കയുണ്ടാക്കുന്നില്ല. കാലാവസ്ഥ പ്രവചനം നീരൊഴുക്ക് എന്നിവ നിരന്തരം നിരീക്ഷിച്ചായിരിക്കും തുടര്‍നടപടികളെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!