Idukki

പശ്ചിമഘട്ട നീര്‍ച്ചാല്‍ മാപ്പിങ്ങ് സംസ്ഥാനതല ഉദ്ഘാടനം നടത്തി

ഇടുക്കി:  നീര്‍ച്ചാലുകള്‍ക്ക് തടസം നേരിടുന്നത് പ്രകൃതി ദുരന്തത്തിന് കാരണമാകുന്നുവെന്നും ഇത് ക്രമപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. നവേകരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘സുരക്ഷിതമാക്കാം പശ്ചിമഘട്ടം’ പദ്ധതിയിലെ നീര്‍ച്ചാല്‍ മാപ്പിങ്ങ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും ബ്രോഷര്‍ പ്രാകാശനവും ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സാഹചര്യത്തില്‍ ഇത്തരം ഒരു പദ്ധതി ആവിഷ്‌കരിക്കുന്നത് അഭിമാനകരമാണെന്നും ഇത്തരം വിഷയങ്ങളില്‍ നമ്മുടെ ഉത്തരവാദിത്വം വളരെ വലുതാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ധാരാളം പുഴകള്‍, നദികള്‍, നീര്‍ച്ചാലുകള്‍, അരുവികള്‍ എല്ലാം നമ്മുടെ നാടിന്റെ സമ്പത്താണ്. അതിന്റെതായ പൂര്‍ണ്ണതയിലും അര്‍ത്ഥത്തിലും ഇവയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോഴാണ് നമുക്ക് ഇവ സമ്പത്തായി കണക്കാക്കാന്‍ കഴിയുക. ജല നിര്‍ഗമന സ്രോതസുകള്‍ അടയപ്പെട്ടു എന്നതുകൊണ്ട് ഒരു നദി അതിന്റെ സമ്പൂര്‍ണതിയിലോ സമ്പന്നതയിലോ സ്വാതന്ത്ര്യത്തിലോ അല്ല എന്നാണ് മനസിലാക്കാന്‍ സാധിക്കുക. അപ്പോഴാണ് പല തിക്താനുഭവങ്ങളും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ എം.എം മണി എംഎല്‍എ അധ്യക്ഷത വഹിച്ചു. മലയോര ജില്ലയായ ഇടുക്കിയ്ക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്നും മണ്ണിടിച്ചില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് മുതലായ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പദ്ധതി വഴി പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. വാഴൂര്‍ സോമന്‍ എം.എല്‍.എയ്ക്ക് മന്ത്രി ബ്രോഷര്‍ കൈമാറി പ്രകാശനം ചെയ്തു. മാപ്പത്തോണ്‍ വീഡിയോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. നവകേരളം കര്‍മപദ്ധതി 2 സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ വിഷയാവതരണം നടത്തി.

ഹരിതകേരളം മിഷന്റെയും കേരള പുന:നിര്‍മ്മാണ പദ്ധതിയുടെയും നേതൃത്വത്തില്‍ പശ്ചിമഘട്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന 230 ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ നീര്‍ച്ചാല്‍ ശൃംഖല ശാസ്ത്രീയമായി കണ്ടെത്തി വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. കേരള സംസ്ഥാന ഐ.ടി മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന മാപത്തോണ്‍ കേരളയില്‍ ഉള്‍പ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെ നീര്‍ച്ചാല്‍ ശൃംഖല പൂര്‍ണമായി കണ്ടെത്തി മാപ്പ് ചെയ്താണ് പ്രവര്‍ത്തനം നടത്തുന്നത്. നീര്‍ച്ചാലുകള്‍ മൂടുക, വഴി തിരിച്ചു വിടുക എന്നിവയാണ് പ്രധാന പ്രശ്‌നങ്ങള്‍ എന്നും നീര്‍ച്ചാലുകളുടെ ജനകീയമായ വീണ്ടെടുക്കല്‍ എന്ന നിലയില്‍ നീര്‍ച്ചാല്‍ ശൃംഖല കൃതമായ അടയാളപ്പെടുത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്നും നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ പറഞ്ഞു.

റീ ബില്‍ഡ് കേരള അഡീഷണല്‍ സെക്രട്ടറി സുനില്‍കുമാര്‍, ജലസേചനവും ഭരണവും വകുപ്പ് ചീഫ് എഞ്ചിനീയര്‍ ആര്‍. പ്രിയേഷ്, ഹരിതകേരളം മിഷന്‍ അസി.കോര്‍ഡിനേറ്റര്‍ എബ്രഹാം കോശി, ഇടുക്കി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. വി.ആര്‍. രാജേഷ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!