Newdelhi

കൊവിഡ് നിയന്ത്രണം; 6 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് എയര്‍ സുവിധ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.ആറ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി. ചൈന, ഹോങ്കോങ്, ജപ്പാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് ആര്‍ ടി പി സി ആര്‍ പരിശോധന നിര്‍ബന്ധമാക്കിയത്. ആര്‍ ടി പി സിആര്‍ ഫലം എയര്‍ സുവിധയില്‍ അപ്ലോഡ് ചെയ്യണം. പുറപ്പെടുന്നതിനു മുമ്പാണ് അപ്ലോഡ് ചെയ്യേണ്ടത്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ജനുവരി ഒന്നു മുതല്‍ നടപ്പിലാക്കും.
രോഗലക്ഷണങ്ങള്‍ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റീനില്‍ പ്രവേശിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുക് മാണ്ഡവ്യ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച്ച മുതല്‍ വിമാനത്താവളങ്ങളില്‍ പരിശോധന തുടങ്ങിയിരുന്നു. അന്താരാഷ്ട്ര യാത്രക്കാരില്‍ രണ്ട് ശതമാനം പേരിലും ചൈന, ജപ്പാന്‍, തായ്‌ലാന്‍ഡ്, ഹോങ്കോംഗ്, തെക്കന്‍ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള മുഴുവന്‍ യാത്രക്കാരിലും ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നുണ്ട്. പരിശോധിച്ച 6000 പേരില്‍ 39 പേര്‍ക്കാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയച്ചിട്ടുണ്ട്.
ജനിതക ശ്രേണീകരണത്തിന്റെ ഫലം കൂടി അറിയുന്ന അടുത്ത 40 ദിവസം രാജ്യത്ത് നിര്‍ണായകമാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വിലയിരുത്തുന്നു. സംസ്ഥാനങ്ങളിലും പരിശോധനയും നിരീക്ഷണവും കൂട്ടാന്‍ ആരോഗ്യ മന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയതാണ്.

 

Related Articles

Back to top button
error: Content is protected !!