ChuttuvattomVannappuram

വണ്ണപ്പുറത്ത് വൈദ്യുതി മുടക്കം പതിവ്; സബ് സ്‌റ്റേഷനും പ്രയോജനം ചെയ്യുന്നില്ല

വണ്ണപ്പുറം: തുടര്‍ച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കത്തില്‍ ദുരിതമനുവഭവിച്ച് വണ്ണപ്പുറം പഞ്ചായത്ത് നിവാസികള്‍. ദിനംപ്രതി വൈദ്യുതി മുടങ്ങുന്നത് വ്യാപാര സ്ഥാപനങ്ങളുടേയും സര്‍ക്കാര്‍ ഓഫീസുകളുടേയും ഉള്‍പ്പെടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായും പരാതിയുണ്ട്. പഞ്ചായത്തിന്റെ വിദൂര സ്ഥലങ്ങളില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും എത്തുമ്പോള്‍ വൈദ്യുതി ഇല്ലായെന്ന കാരണത്താല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാകാതെ മടങ്ങേണ്ടി വരുന്ന അവസ്ഥയാണ്.

വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നതിന്റെ കാരണം അന്വേഷിച്ചാല്‍ 33 കെ.വി ലൈനിലെ കുഴപ്പം മൂലമാണെന്ന മറുപടിയാണ് വൈദ്യുതി വകുപ്പ് അധികൃതര്‍ നല്‍കുന്നത്. ദിവസത്തില്‍ ഒന്നിലേറെ തവണ വൈദ്യുതി മുടങ്ങുന്നത് മൂലം വീടുകളില്‍ കഴിയുന്ന രോഗികളും വൃദ്ധരും ഉള്‍പ്പെടെ വളരെയധികം കഷ്ട്ടപ്പാടുകള്‍ അനുഭവിക്കുകയാണ്. വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം, ഹോമിയോ ഡിസ്പെന്‍സറി എന്നിവിടങ്ങളിലും വൈദ്യുതി തടസം നേരിടുന്നത് മൂലം ചികിത്സ തേടിയെത്തുന്ന രോഗികളും ബുദ്ധിമുട്ടിലാകുക പതിവാണ്. പരുക്കറ്റ് വരുന്ന രോഗികള്‍ പോലും വൈദ്യുതി ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ ലഭിക്കാതെ മടങ്ങേണ്ട അവസ്ഥയാണ്. പ്രദേശത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് ഏതാനും വര്‍ഷം മുമ്പ് സബ്സ്റ്റേഷന്‍ സ്ഥാപിച്ചെങ്കിലും വൈദ്യുതി മുടക്കം ഇപ്പോഴും തുടരുകയാണ്. സേവനം ലഭ്യമാക്കാന്‍ ഉത്തരവാദിത്വം കാട്ടാത്ത ഉദ്യോഗസ്ഥര്‍ വൈദ്യുതി ചാര്‍ജ് അടയ്ക്കാന്‍ ഒരു ദിവസം താമസിച്ചാല്‍ ഫീസ് ഊരാന്‍ ധൃതി കാട്ടുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ജനങ്ങളെ തുടര്‍ച്ചായി ദുരിതത്തിലാക്കുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് നാട്ടുകാര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!