Kerala

മുഖ്യമന്ത്രിക്കായി ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നു: രൂക്ഷ വിമർശനവുമായി വിഡി സതീശൻ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് വേണ്ടി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ധൂര്‍ത്തെന്ന് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്. ചെലവ് ചുരുക്കാന്‍ അടിക്കടി ഉപദേശിക്കുന്നയാളാണ് മുഖ്യമന്ത്രി. പറയുന്നതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ ധന പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍ക്കാരിന് ദൈനംദിന ചെലവുകള്‍ക്കുള്ള പോലും പണം കണ്ടെത്താനാവുന്നില്ല. ഈ സാഹചര്യത്തിലും മാസം 80 ലക്ഷം രൂപ ചെലവില്‍ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുകയാണ്. 5 ലക്ഷം രൂപയുടെ ചെക്കുകള്‍ പോലും ട്രഷറിയില്‍ മാറ്റാനാകാത്ത അവസ്ഥയാണ്. അപ്പോഴാണ് മുഖ്യമന്ത്രിക്ക് 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം മുടക്കി ഹെലികോപ്റ്റര്‍ കൊണ്ടുവരുന്നത്.

പാവപ്പെട്ടവര്‍ക്ക് ഓണകിറ്റ് നല്‍കുന്നതിനെ ചിലര്‍ ഭയക്കുന്നുവെന്ന് മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ പറഞ്ഞത് ജാള്യത മറയ്ക്കാനാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ കോട്ടയം ജില്ലയില്‍ കിറ്റ് വിതരണം തടയരുതെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. മുഖ്യ തെരത്തെടുപ്പ് ഓഫീസര്‍ക്ക് പ്രതിപക്ഷ നേതാവ് നല്‍കിയ കത്ത് കൂടി പരിഗണിച്ചാണ് കിറ്റ് വിതരണത്തിന് അനുമതി നല്‍കിയത്. 87 ലക്ഷം പേര്‍ക്ക് ഓണകിറ്റ് നല്‍കുമെന്ന് പറഞ്ഞിട്ട് അത് ആറ് ലക്ഷമാക്കി ചുരുക്കി. അത് തന്നെ പൂര്‍ണമായി നല്‍കാനുമായില്ല. 3400 കോടിയോളം രൂപ സപ്ലെകോയ്ക്ക് സര്‍ക്കാര്‍ നല്‍കാനുണ്ട്. ആരോപണങ്ങള്‍ക്ക് ഒന്നും മറുപടി പറയാതെ മഹാമൗനം തുടരുന്ന മുഖ്യമന്ത്രിക്കാണ് യഥാര്‍ത്ഥത്തില്‍ ഭയം. ജനങ്ങളേയും പ്രതിപക്ഷത്തേയും ഭയക്കുന്നത് മുഖ്യമന്ത്രിക്ക് ഒട്ടും ഭൂഷണമല്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!