Idukki

വാഗമണില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കാന്‍ റവന്യൂ ഭൂമി നല്‍കും

തൊടുപുഴ: വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണില്‍ ബസ് സ്റ്റാൻഡ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഭൂമി പാട്ടത്തിന് അനുവദിച്ച്‌ റവന്യൂവകുപ്പ്.വാഗമണ്‍ വില്ലേജില്‍ സര്‍വേ നമ്ബര്‍ 1027ലുള്ള 0.0859 ഹെക്ടര്‍ വസ്തുവാണ് ബസ് ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതിന് ഏലപ്പാറ ഗ്രാമപഞ്ചായത്തിന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുന്നതെന്ന് റവന്യൂ വകുപ്പ് മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ഏറ്റവും കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ബസ് സ്റ്റാൻഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് കമ്മീഷൻ ഏലപ്പാറ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. വാഗമണ്ണില്‍ ബസ് സ്റ്റാൻഡ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലുള്ള ഫയലില്‍ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനായിരുന്ന ജസ്റ്റിസ് ആന്റണി ഡൊമിനിക് റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. വിനോദ സഞ്ചാരികള്‍ക്ക് ഉപയോഗിക്കാവുന്ന വിധത്തില്‍ ആവശ്യമായ സൗകര്യങ്ങളോടുകൂടിയ പൊതു ശുചിമുറി വാഗമണില്‍ രണ്ടു മാസത്തിനകം നിര്‍മ്മിക്കണമെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വാഗമണില്‍ ബസ് സ്റ്റാൻഡും ശുചിമുറിയും നിര്‍മ്മിക്കണമെന്ന പരാതിയിലാണ് നടപടി.

വാഗമണ്‍ വില്ലേജിലെ 0.0859 ഹെക്ടര്‍ ഭൂമി 2015ല്‍ റവന്യൂ വകുപ്പ് ഏലപ്പാറ ഗ്രാമ പഞ്ചായത്തിന് പാട്ടത്തിന് അനുവദിച്ചിരുന്നു. ഇവിടെയാണ് ബസ് സ്റ്റാൻഡ് നിര്‍മ്മിക്കാൻ ഉദ്ദേശിക്കുന്നത്. എന്നാല്‍ നടപടിയുണ്ടായില്ല.

ഭൂമിക്ക് തറവാടക വേണ്ട

ബസ് സ്റ്റാൻഡ് നിര്‍മ്മാണത്തിന് പഞ്ചായത്ത് ഒരു നടപടിയും സ്വീകരിക്കാത്തതു കൊണ്ടാണ് ഭൂമി ഗ്രാമപഞ്ചായത്തിന് കൈമാറാത്തതെന്ന് റവന്യൂ വകുപ്പ് കമ്മിഷനെ അറിയിച്ചു. അനുവദിച്ച ഭൂമി പണയപ്പെടുത്താൻ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. ഭൂമി ഉപ പാട്ടത്തിന് നല്‍കരുത്. തറവാടകയ്ക്കും നല്‍കരുത്. ഭൂമിയില്‍ കൈയേറ്റം അനുവദിക്കരുത്. ഒരു വര്‍ഷത്തിനകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകൻ ഡോ. ഗിന്നസ് മാടസാമി നല്‍കിയ പരാതിയിലാണ് നടപടി.

നിരവധി ബസുകളെത്തുന്ന

ടൂറിസ്റ്റ് കേന്ദ്രം

ഒരു ഡസനിലധികം കെ.എസ്.ആര്‍.ടി.സി- സ്വകാര്യ ബസുകള്‍ എത്തുന്ന സ്ഥലമാണ് പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ വാഗമണ്‍. വിദേശികളടക്കം ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ ദിവസേനയെത്തുന്ന ഇവിടെ ബസ് സ്റ്റാൻഡ് ഇല്ലാത്തത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നുണ്ടായിരുന്നു. സഞ്ചാരികളെ കൂടാതെ ദിവസേന ബസുകളില്‍ വാഗമണ്ണില്‍ ദിവസേന നൂറുക്കണക്കിന് പേര്‍ എത്തുന്നുണ്ട്. എന്നാല്‍ ബസ് സ്റ്റാൻഡ് എന്നതു പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി. ബസ് സ്റ്റാൻഡ് നിര്‍മ്മാണത്തിന് 2015- 2016 സാമ്ബത്തിക വര്‍ഷമാണ് 30 വര്‍ഷത്തേക്ക് പാട്ടത്തിന് സ്ഥലം അനുവദിച്ചത്. 5 ലക്ഷം രൂപയും വകയിരുത്തി. എന്നാല്‍ അന്നത്തെ പഞ്ചായത്ത് ഭരണസമിതി ഒരു നടപടിയും സ്വീകരിച്ചില്ല.

 

Related Articles

Back to top button
error: Content is protected !!