ChuttuvattomMuttom

റോഡ് വെട്ടിപൊളിക്കല്‍; കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാനുള്ള മറ്റ് സാധ്യതകള്‍ പരിശോധന നടത്തിയെങ്കിലും തീരുമാനമായില്ല

തൊടുപുഴ: ജലവിതരണ പദ്ധതിക്കായി മുട്ടം ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഒഴിവാക്കി കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാനുള്ള മറ്റ് സാധ്യതകള്‍ പരിശോധന നടത്തിയെങ്കിലും തീരുമാനമായില്ല. മീനച്ചില്‍ താലൂക്കിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളിലേക്കും മുട്ടം, കുടയത്തൂര്‍,കരിങ്കുന്നം പഞ്ചായത്ത് പ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്നതിന് വിഭാവനം ചെയ്ത രണ്ട് പദ്ധതികള്‍ക്ക് വേണ്ടി മുട്ടം ടൗണ്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളിലെ റോഡുകള്‍ വെട്ടിപ്പൊളിച്ച് പൈപ്പുകള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിരുന്നത്.

എന്നാല്‍ ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെ മറ്റ് സ്ഥലങ്ങളിലെ സാധ്യതകള്‍ പരിശോധന നടത്താന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജനകീയ സമിതി യോഗം തീരുമാനിച്ചു. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച്ച രാവിലെ പെരുമറ്റം – ഇടപ്പള്ളി – തോട്ടുങ്കര നിര്‍ദ്ധിഷ്ട ബൈപാസ്,മുട്ടം പരപ്പാന്‍ തോടിന്റെ തീരത്തൂടെയുള്ള പുറമ്പോക്ക് പ്രദേശങ്ങള്‍, പരപ്പാന്‍ തോട്ടില്‍ തൂണുകള്‍ നിര്‍മ്മിച്ച് പൈപ്പുകള്‍ സ്ഥാപിക്കല്‍ എന്നിങ്ങനെ സാധ്യതകള്‍ സംബന്ധിച്ച് മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റിന്‍, വാട്ടര്‍ അതോറിറ്റി അധികൃതര്‍, പൊതുജനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ പരിശോധന നടത്തിയെങ്കിലും അപ്രായോഗികമായിട്ടാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച്ച ചേരുന്ന പഞ്ചായത്ത് കമ്മറ്റിയുടെ അടിയന്തിര യോഗത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനും ജനകീയ സമിതിയുടെ യോഗം വീണ്ടും ചേരാനും തീരുമാനിച്ചു.

Related Articles

Back to top button
error: Content is protected !!