ChuttuvattomMuttom

കുടിവെള്ള പദ്ധതികള്‍ക്ക് വേണ്ടി റോഡ് വെട്ടിപ്പൊളിക്കല്‍: പഞ്ചായത്ത് സര്‍വ്വകക്ഷി യോഗം വിളിക്കും

മുട്ടം: കുടിവെള്ള പദ്ധതികള്‍ക്ക് വേണ്ടി  മുട്ടം പഞ്ചായത്ത് പ്രദേശത്തെ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതില്‍ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റിന്‍ പറഞ്ഞു. കരിങ്കുന്നം, കുടയത്തൂര്‍, മുട്ടം  പഞ്ചായത്ത് പ്രദേശങ്ങളിലെ കുടിവെള്ള പദ്ധതിക്ക് വേണ്ടിയും മീനച്ചില്‍ കുടിവെള്ള പദ്ധതിക്ക് വേണ്ടിയും മുട്ടം ടൗണ്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളിലെ റോഡുകള്‍ വെട്ടിപ്പൊളിച്ച് പൈപ്പുകള്‍ സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം.എന്നാല്‍ റോഡ് വെട്ടിപ്പൊളിച്ച് പൈപ്പുകള്‍ സ്ഥാപിച്ച് പദ്ധതി പൂര്‍ത്തീകരിക്കാന്‍ മാസങ്ങള്‍ വേണ്ടി വരും. പൂര്‍ത്തികരണത്തിന് ശേഷമുണ്ടാകുന്ന അപാകതകള്‍ പരിഹാരിക്കാനും കാലതാമസം വേണ്ടി വരും.

പൈപ്പുകള്‍ കടന്ന് പോകുന്ന പ്രദേശത്തെ വീട്ടുകാര്‍, കച്ചവട സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവരെ ബാധിക്കുന്ന പ്രശ്‌നം ആയതിനാല്‍ വിവിധ മേഖലകളില്‍ നിന്നാണ് പ്രതിഷേധം ഉയരുന്നത്. ഇത് സംബന്ധിച്ച് വിവിധ സംഘടനകളും വ്യക്തികളും മുട്ടം പഞ്ചായത്ത് അധികൃതര്‍ക്ക് പരാതികളും നല്‍കിയിട്ടുണ്ട്.കരിങ്കുന്നം,കുടയത്തൂര്‍, മുട്ടം പഞ്ചായത്ത് പ്രദേശത്തെ കുടിവെള്ള പദ്ധതിക്ക് വേണ്ടി മാത്തപ്പാറ പമ്പ് ഹൗസില്‍ നിന്നാണ് പെരുമറ്റത്ത് നിര്‍മിക്കുന്ന ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നത്. മീനച്ചില്‍ കുടിവെള്ള പദ്ധതിക്ക് വേണ്ടി മാത്തപ്പാറ ആറാട്ട് കടവിലും മോട്ടോര്‍ സ്ഥാപിക്കാനാണ് തീരുമാനം.രണ്ട് പദ്ധതികള്‍ക്ക് വേണ്ടിയും മാത്തപ്പാറ പ്രദേശത്തെ റോഡിലൂടെയാണ് പൈപ്പ് സ്ഥാപിക്കുന്നത്. ഈ റോഡ് വെട്ടിപ്പൊളിക്കാതെ റോഡിന് സൈഡില്‍ തൂണുകള്‍ നിര്‍മിച്ച് പൈപ്പുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകണം എന്നാണ്  പ്രദേശവാസികളുടെ ആവശ്യം. കൂടാതെ പെരുമറ്റം ടാങ്കില്‍ നിന്ന് വെള്ളം വിതരണം ചെയ്യുന്ന പൈപ്പ് സ്ഥാപിക്കുന്നത് മുട്ടം ടൗണ്‍ ഉള്‍പ്പെടുന്ന റോഡ് പ്രദേശത്തൂടെയുമാണ്. ഈ പ്രദേശത്തെ റോഡ് വെട്ടിപ്പൊളിക്കാതെ മുട്ടം പരപ്പാന്‍ തോടിന് സൈഡിലൂടെ തൂണുകള്‍ നിര്‍മ്മിച്ച് പൈപ്പുകള്‍ സ്ഥാപിക്കാനും അധികൃതര്‍ തയ്യാറാകണം എന്നാണ് വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം. പെരുമറ്റം – തോട്ടുങ്കര നിര്‍ദിഷ്ട ബൈപാസ് റോഡിന്റെ സൈഡിലൂടെയും പൈപ്പുകള്‍ സ്ഥാപിക്കാന്‍ മാര്‍ഗമുണ്ട്.

മുട്ടത്തുകാര്‍ക്ക് മുന്‍ അനുഭവം

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുട്ടം കരിങ്കുന്നം കുടിവെള്ള പദ്ധതിക്ക് വേണ്ടി മുട്ടം ടൗണ്‍ ഉള്‍പ്പെടെയുള്ള പ്രദേശത്തെ റോഡ് വെട്ടിപ്പൊളിച്ച് രണ്ട് വര്‍ഷക്കാലം അത് പുനസ്ഥാപിക്കാതെ പ്രദേശവാസികളെ ദുരിതത്തിലാക്കിയ അനുഭവം മുട്ടം പ്രദേശവാസികള്‍ക്കുണ്ട്.മഴക്കാലത്ത് ദുര്‍ഗന്ധം വമിക്കുന്ന ചെളിക്കെട്ടും വേനലില്‍ റോഡില്‍ നിന്നുള്ള പൊടിയും കാരണം മുട്ടത്തെ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ രണ്ട് വര്‍ഷം ഏറെ ദുരിതപ്പെട്ടിരുന്നു. പിന്നീട് പൊതു ജനങ്ങള്‍ സംഘടിച്ച് നിരന്തരമായ സമരങ്ങളും വഴി തടയലും നടത്തിയതിന് ശേഷമാണ് റോഡ് പുനസ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായതും.

 

Related Articles

Back to top button
error: Content is protected !!