Idukki

റോഡിയോ കോളര്‍ എത്തിയില്ല; അരിക്കൊമ്പനുള്ള മയക്കുവെടി ഇനിയും നീളും

ഇടുക്കി: റോഡിയോ കോളര്‍ എത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അരിക്കൊമ്പനുള്ള മയക്കുവെടി ഇനിയും നീളുമെന്ന് അധികൃതര്‍. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള യോഗവും മോക് ഡ്രില്ലും ജി.പി.എസ് കോളര്‍ എത്തിയതിന് ശേഷം മതിയെന്ന തീരുമാനത്തിലാണ് വനം വകുപ്പ്. അതേ സമയം ആസാം വനം വകുപ്പിന്റെ കൈവശമുള്ള ജി.പി.എസ് കോളര്‍ കൈമാറുന്നതിന് അനുമതി ലഭിക്കുമെന്നാണ് വിവരം. വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി യോഗവും മോക്ക് ഡ്രില്ലും നടത്തിയ ശേഷം നാളെ മയക്കു വെടി വയ്ക്കാനായിരുന്നു വനം വകുപ്പിന്റെ നീക്കം. അരിക്കൊമ്പനായി വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ആസാം വനംവകുപ്പിന്റെയും കൈവശമുള്ള ജി.പി.എസ് കോളര്‍ എത്തിക്കാനാണ് വനംവകുപ്പ് ശ്രമങ്ങള്‍ നടത്തുന്നത്. എന്നാല്‍ കോളര്‍ കൈമാറാന്‍ ആസാം വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭിച്ചിട്ടില്ല. അവധി ദിവസങ്ങളായതിനാലാണ് കാലതമാസമുണ്ടാകുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. ജി.പി.എസ് കോളര്‍ എത്തുന്നതിനനുസരിച്ച് മോക്ക് ഡ്രില്ലുള്‍പ്പെടെ നടത്താനുളള തീയതി നിശ്ചയിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. പറമ്പിക്കുളത്തേക്ക് കൊണ്ടു പോകുന്നത് തടയണമെന്ന ഹര്‍ജി കോടതി പരിഗണിച്ചാല്‍ അരിക്കൊമ്പനുള്ള മയക്കുവെടി വീണ്ടും നീളുമോയെന്ന ആശങ്ക വനംവകുപ്പിനും നാട്ടുകാര്‍ക്കുമുണ്ട്.

Related Articles

Back to top button
error: Content is protected !!