Kochi

സേവ് ഫുഡ് ഷെയര്‍ ഫുഡ് ചുവടുവയ്പ്പുമായി ഭക്ഷ്യ വകുപ്പ്

കൊച്ചി: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ സേവ് ഫുഡ് ഷെയര്‍ ഫുഡ് പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷണം അധികം ഉത്പാദിപ്പിക്കുകയും പാഴാകുവാന്‍ സാധ്യതയുള്ള മേഖലയും കണ്ടെത്തി ഭക്ഷണം പാഴാക്കാതെ ആവശ്യമുള്ളവര്‍ക്ക് എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നു. സന്നദ്ധ സംഘടനകളുടെയും പൊതു പ്രവര്‍ത്തകരുടെയും സാമൂഹ്യ സംഘടനകളുടെയും സാഹായത്തോടു കൂടിയാണ് സേവ് ഫുഡ് ഷെയര്‍ ഫുഡ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷണം നല്‍കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് ദാദാവ് ആയോ ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് സ്വീകര്‍ത്താവ് ആയോ ഇവ വിതരണം ചെയ്യുന്നതിനോ മറ്റ് സഹായം ചെയ്യുന്നതിനോ തയ്യാറുള്ളവര്‍ക്ക് സന്നദ്ധര്‍ ആയോ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. ഇവരെ തമ്മില്‍ കൂട്ടിയിണക്കുന്ന ഒരു കണ്ണിയായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രവര്‍ത്തിക്കും. നിലവില്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്ന നിരവധി സാമൂഹ്യ സംഘടനകളും സന്നദ്ധ സംഘടനകളും കേരളത്തിലുണ്ട്. അവരെക്കൂടി ഉള്‍പ്പെടുത്തി പദ്ധതി വിജയമാക്കാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്ദേശിക്കുന്നത്. അധികം വരുന്ന ഭക്ഷണം നല്‍കുക എന്നതല്ല, പകരം നമ്മള്‍ പാചകം ചെയ്യുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് നല്‍കുക എന്നതാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. അതിനാല്‍ തന്നെ ഹോട്ടലുകളിലും കല്ല്യാണ മണ്ഡപങ്ങളിലും മറ്റ് സത്ക്കാരങ്ങളുടെയും ഭാഗമായി ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് ഈ പദ്ധതിയില്‍ നല്‍കുന്നതിന് കഴിയും. സന്നദ്ധ സംഘടനകള്‍ക്കോ, സാമൂഹ്യ സംഘടനകള്‍ക്കോ, വ്യക്തികള്‍ക്കോ ഇത്തരം ഭക്ഷണം ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതിന് ആവശ്യമായ വാഹനമോ സേവനമോ നല്‍കിയും ഇതില്‍ പങ്കാളികളാകാം. ഭക്ഷണം ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്കോ, വ്യക്തികള്‍ക്കോ, സംഘടനകള്‍ക്കോ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് ഭക്ഷണം സ്വീകരിക്കുകയും ചെയ്യാം

Related Articles

Back to top button
error: Content is protected !!