Idukki

കളി മാറും; ഇടുക്കി പോലീസിന് ഇനി ബ്ലാക്ക് ബെല്‍റ്റ്

തൊടുപുഴ: സംസ്ഥാനത്തെ പോലീസ് സേനയുടെ പരിശീലന രീതി മാറുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ്സര്‍ജനായിരുന്ന ഡോ.വന്ദന ദാസിന്റെ കൊലപാതകത്തെത്തുടര്‍ന്നു പോലീസിനെതിരേ ഹൈക്കോടതിയില്‍നിന്നുള്‍പ്പെടെ വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് പരിശീലന രീതിയില്‍ മാറ്റം വരുത്തുന്നത്. ഇതിന്റെ ഭാഗമായി പോലീസിന് സ്വയം പ്രതിരോധ പരിശീലനം നല്‍കണമെന്നാണ് മുന്‍ ഡിജിപിയുടെ ഉത്തരവ്. ഇതേത്തുടര്‍ന്നു സംസ്ഥാനത്ത് ആദ്യമായി പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലനത്തിന് ഇടുക്കി ജില്ലയില്‍ തുടക്കം കുറിച്ചു. ഇടുക്കി ജില്ലയിലെ 30 സ്റ്റേഷനുകളിലെയും ഇടുക്കി എആര്‍ ക്യാമ്പിലേയും മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കാനുള്ള പദ്ധതിയാണ് തയാറാക്കിയിരിക്കുന്നതെന്നു ജില്ലാ പോലീസ് മേധാവി വി.യു.കുര്യാക്കോസ് പറഞ്ഞു. വനിതാ പോലീസ് ഉള്‍പ്പെടെയുള്ളവര്‍ പരിശീലനത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം.തൊടുപുഴ ഡിവൈഎസ്പിയുടെ കീഴിലുള്ള ഏഴ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം ആരംഭിച്ചത്. മയക്കുമരുന്നിന് അടിമകളായ പ്രതികള്‍ പലപ്പോഴും അക്രമാസക്തരാകുന്നതു പോലീസിന് ഏറെ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.ബോക്‌സിംഗ് സംസ്ഥാന പരിശീലകനും ഷിറ്റോറിയു ഇന്റര്‍നാഷണല്‍ കരാട്ടെയില്‍ ബ്ലാക്ക്‌ബെല്‍റ്റില്‍ ഗ്രേഡ് ഏഴ് നേടിയ കരിമണ്ണൂര്‍ കരാട്ടെ സ്‌പോര്‍ട്‌സ് അക്കാദമി ചീഫ് ഇന്‍സ്ട്രക്ടര്‍ ബേബി ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് പരിശീലനം ആരംഭിച്ചിരിക്കുന്നത്. കരാട്ടെയില്‍ സംസ്ഥാന ചാമ്പ്യന്മാരും ബ്ലാക്ക് ബെല്‍റ്റും നേടിയ 40 പേരെയാണ് വിവിധ സ്റ്റേഷനുകളിലെ പരിശീലനത്തിനുള്ള ഇന്‍സ്ട്രക്ടര്‍മാരായി നിയോഗിച്ചിരിക്കുന്നത്. ഇതില്‍ ആറ് അധ്യാപികമാരുള്‍പ്പെടെ 20 വനിതകളുമുണ്ട്. ഒരു വര്‍ഷമാണ് പരിശീലനത്തിന്റെ കാലാവധി. ആഴ്ചയില്‍ ഒരു ദിവസം രാവിലെ 7.30 മുതല്‍ ഒമ്പത് വരെയാണ് ക്ലാസ്.

Related Articles

Back to top button
error: Content is protected !!