Idukki

കയ്യേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിക്കപ്പെടും; ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിനെ മാറ്റണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളി ഹൈക്കോടതി

ഇടുക്കി:  ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിനെ മാറ്റണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളി ഹൈക്കോടതി. ചീഫ് സെക്രടറി നല്‍കിയ ഹർജ്ജി പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്ന മുന്നറിയിപ്പും കോടതി നല്‍കി. കളക്ടറെ മറ്റിയാല്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിക്കപ്പെടുമെന്നാണ് കോടതിയുടെ നിലപാട്.ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ ഇടപെടലിനെതിരെ ശക്തമായ നിലപാടെടുക്കുന്ന വ്യക്തിയാണ് ഷീബ ജോര്‍ജ്.

വിഎസിന്റെ പൂച്ചകളും, തുടര്‍ന്നുവന്ന മറ്റ് ഉദ്യോഗസ്ഥരും ഏറ്റവുമൊടുവില്‍ രേണു രാജുമടക്കം പരാജയപ്പെട്ടിടത്താണ് കയ്യേറ്റമൊഴിപ്പിക്കാന്‍ ഷീബ ജോര്‍ജ്ജിന്റെ വരവ്. ഹൈക്കോടതി പിന്തുണയോടെ റവന്യൂ വകുപ്പ് നടത്തുന്ന നടപടികള്‍ക്ക് ജില്ലയിലെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടിയായ സി.പി.ഐഎമ്മിന്റെ ഇടപെടലുകള്‍ കടുത്ത പ്രതിസന്ധിയാണ് തീര്‍ക്കുന്നത്.കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ക്കിടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ പേരില്‍ ഷീബ ജോര്‍ജിനെ തൽസ്ഥാനത്തുനിന്ന് മാറ്റാനുള്ള സർക്കാർ നീക്കം ഹൈക്കോടതി മുളയിലേ നുള്ളിയിട്ടുണ്ട്. ഇടുക്കി കളക്ടറെ മാറ്റരുത് എന്ന നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ തള്ളുമെന്നും കോടതി വ്യക്തമാക്കി.

കളക്ടറെ മറ്റിയാല്‍ കൈയേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിക്കപ്പെടുമെന്നാണ് കോടതി നിരീക്ഷണം. ഷീബ ജോര്‍ജിനെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കാമെന്ന് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചതും സര്‍ക്കാരിന് തിരിച്ചടിയായി. അതേസമയം ഇന്നാരംഭിച്ച കയ്യേറ്റമൊഴിപ്പിക്കല്‍ തുടരാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. അതൃപ്തി പരസ്യമാക്കി സിപിഐഎം നേതൃത്വവും രംഗത്തുണ്ട്. മുന്നണി ബന്ധം വഷളാക്കി എത്രകാലം കളക്ടറെ പിന്തുണയ്ക്കാന്‍ റവന്യൂ മന്ത്രിയും സിപിഐയും തയ്യാറാകുമെന്നതാണ് ചോദ്യം.

Related Articles

Back to top button
error: Content is protected !!