Idukki

വണ്ടിപ്പെരിയാർ പോക്സോ കേസിൽ കുറ്റവിമുക്തനായ അർജുനും കുടുംബത്തിനും സംരക്ഷണം കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി കുറ്റവിമുക്തൻ ആക്കിയ അർജുനനും കുടുംബത്തിനും സംരക്ഷണം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. അർജുനും ബന്ധുക്കൾക്കും സ്വന്തം വീടുകളിൽ താമസിക്കാനും തൊഴിലെടുക്കാനുമുള്ള സംരക്ഷണം നൽകണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി വണ്ടിപ്പെരിയാർ പൊലീസിന് നിർദേശം നൽകണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി പീരുമേട് ഡി വൈ എസ് പി യോട് ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ വണ്ടിപ്പെരിയാർ പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായും കമ്മീഷൻ വിലയിരുത്തി. അർജുന്‍റെ പിതൃ സഹോദരന്‍റെ വീട്ടിൽ നടന്ന മോഷണ കേസിൽ അന്വേഷണം നടത്തി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ഡി വൈ എസ് പി ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ 2023 ഡിസംബർ 14 നാണ് അർജുനെ കോടതി കുറ്റവിമുക്തനാക്കിയത്. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. അർജുനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിക്കെതിരെ കുട്ടിയുടെ അമ്മയും പ്രോസിക്യൂഷനും അപ്പീല്‍ നല്‍കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!