ChuttuvattomVannappuram

വനം വകുപ്പ് വണ്ണപ്പുറത്തെ സൈവര്യ ജീവിതം തകര്‍ക്കുന്നതായി യു.ഡി.എഫ്

തൊടുപുഴ: വണ്ണപ്പുറത്തിന്റ വികസനവും ജനങ്ങളുടെ ജീവനോപാധിയും സൈവര്യ ജീവിതവും തകര്‍ക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ നിലയ്ക്കുനിര്‍ത്തണമെന്ന് യു.ഡി.എഫ് നേതാക്കള്‍  ആവശ്യപ്പെട്ടു. 1974-മുതല്‍ പ്രദേശത്ത് താമസിച്ച് വരുന്ന കര്‍ഷകരെ അവരുടെ കൃഷി ഭൂമിയില്‍ നിന്ന് കുടിയിറക്കാന്‍ കാളിയാര്‍ റേഞ്ച് ഓഫീസര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. 1977-ന് മുന്‍പ് കുടിയേറിയ കര്‍ഷകര്‍ക്ക് പട്ടയം നല്‍കാമെന്ന നിയമം നിലനില്‍ക്കുമ്പോഴാണ് കര്‍ഷക ദ്രോഹനയവുമായി വനംവകുപ്പ് ഇറങ്ങിയിരിക്കുന്നത്. ഇത്തരം നീക്കം ചെറുത്തുതോല്‍പ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വണ്ണപ്പുറം പഞ്ചായത്തിന്റെ വികസനത്തില്‍ ഏറെ പങ്ക് വഹിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ച് പൂട്ടാനുള്ള നിലപാടിലാണ് വനം വകുപ്പ്. ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തിയിരുന്ന മീനുളിയാന്‍പാറ അടച്ചുപൂട്ടിയിട്ട് വര്‍ഷങ്ങളായെങ്കിലും തുറന്ന് നല്‍കാന്‍ വനം വകുപ്പ് തയാറായിട്ടില്ല. കാറ്റാടിക്കടവും അടച്ചു പൂട്ടിയിരിക്കുകയാണ്. മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും സ്ഥിതി വ്യത്യസ്ഥമല്ല. പട്ടയമില്ലാത്ത ഭൂമിയിലെ തൊഴിലുറപ്പ് ജോലികള്‍ വനം വകുപ്പ് മനപ്പൂര്‍വം തടസപ്പെടുത്തിയിരിക്കുന്നതിനാല്‍ 3000-ത്തിലേറെ കുടുംബങ്ങള്‍ ദുരിതത്തിലാണ്. തൊഴിലുറപ്പ് പദ്ധതി 2007-ല്‍ ആരംഭിച്ചത് മുതല്‍ യാതൊരു തടസവും കൂടാതെ നടന്ന് വന്നിരുന്നു. ഇതാണ് തടസപ്പെടുത്തി സാധാരണക്കാരന്റ ജീവനോപാധി ഇല്ലാതാക്കിയത്. റവന്യൂ പട്ടയ ഭൂമിയിലെ മരം മുറിക്കാനുള്ള കര്‍ഷകന്റ അവകാശത്തില്‍ കടന്ന് കയറാനുള്ള വനം വകുപ്പിന്റ നിയമ വിരുദ്ധ നീക്കം അവസാനിപ്പിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. വണ്ണപ്പുറം പഞ്ചായത്തില്‍ 3000 കുടുംബങ്ങള്‍ക്ക് പട്ടയം ഇല്ലാത്ത കൈവശഭൂമിയുണ്ട്. ഇവരെല്ലാം വനം വകുപ്പിന്റ കുടിയറക്ക് ഭീഷിണി നേരിടുകയാണ്. 2005-ല്‍ വനേതര ഭൂമിയില്‍ മരം നട്ടുപിടിപ്പിക്കല്‍ പ്രോല്‍സാഹന നിയമം നിലവില്‍ വന്നതാണ്. റൂള്‍ 64 പ്രകാരമുള്ള പട്ടയങ്ങളിലെ മരം മുറിക്കാന്‍ അനുമതി ഉണ്ടെന്നിരിക്കെ നിയമ വിരുദ്ധമായി കര്‍ഷകരെ ബുദ്ധിമുട്ടിക്കുകയാണ് വനം വകുപ്പ് ചെയ്യുന്നത്. വൈരമണിയില്‍ നിന്നും ഡാം നിര്‍മാണവുമായി ബന്ധപ്പെട്ടും റബര്‍ കൃഷി പ്രോത്സാഹനം ലക്ഷ്യമിട്ടും ലഭിച്ച പട്ടയം ലഭിച്ച ഭൂമിയിലെ മരം മുറിക്കുന്നതിനും വനം വകുപ്പ് തടസം നില്‍ക്കുകയാണ്. 1993-ലെ പട്ടയത്തില്‍ നിന്ന് പോലും പ്ലാവ്, ആഞ്ഞിലി എന്നിവ മുറിക്കാമെന്നിരിക്കെയാണ് അതിന് മുമ്പ് പട്ടയം ലഭിച്ച ഭൂമിയിലെ പാഴ്മരങ്ങള്‍ പോലും മുറിക്കാന്‍ വനം വകുപ്പ് അനുമതി നല്‍കാത്തത്. കര്‍ഷകരെ ദ്രോഹിക്കുന്ന വനം വകുപ്പുദ്യോഗസ്ഥനെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണം. നിയമവിരുദ്ധ നടപടികള്‍ നടത്തുന്ന ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി എടുക്കുന്നതിനും സര്‍ക്കാര്‍ തയാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!