Kerala

പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മാതൃയാനം പദ്ധതി യാഥാര്‍ത്ഥ്യമാക്കി

കൊച്ചി: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 9 മെഡിക്കല്‍ കോളേജുകള്‍, 41 ജില്ലാ, ജനറല്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, 50 താലൂക്ക് ആശുപത്രികള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്നിങ്ങനെ പ്രസവം നടക്കുന്ന 101 സര്‍ക്കാര്‍ ആശുപത്രികളിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. അനേകം കുടുംബങ്ങള്‍ക്ക് ഈ പദ്ധതി സഹായകമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മാതൃയാനം പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ട്രയല്‍ റണ്‍ ഉള്‍പ്പെടെ നടത്തിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. പ്രസവ ശേഷം വീട്ടിലേയ്ക്കുള്ള ദീര്‍ഘദൂര യാത്രയ്ക്ക് വളരെയധികം തുക ചെലവാകാറുണ്ട്. പല കുടുംബങ്ങള്‍ക്കും ഇത് താങ്ങാനാവില്ല. ഇതിനൊരു പരിഹാരമാണ് ഈ പദ്ധതി. പ്രസവശേഷം എല്ലാവര്‍ക്കും ഈ സേവനം ഉറപ്പാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാതൃശിശു സംരക്ഷണത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പ്രസവം നടക്കുന്ന സംസ്ഥാനത്തെ 10 ആശുപത്രികള്‍ക്കാണ് ദേശീയ ലക്ഷ്യ ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കിയത്. രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കി. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ 44 ആശുപത്രികള്‍ മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സര്‍ട്ടിഫിക്കേഷന്‍ നേടി. ജന്മനായുള്ള വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി എല്ലാ പ്രസവം നടക്കുന്ന ആശുപത്രികളിലും സമഗ്ര ന്യൂബോണ്‍ സ്‌ക്രീനിംഗ് പദ്ധതി നടപ്പിലാക്കി.

കുഞ്ഞുങ്ങളിലെ ജന്മനായുള്ള ഹൃദയ വൈകല്യങ്ങളെ കണ്ടെത്തി സൗജന്യമായി ചികിത്സിക്കുന്ന ഹൃദ്യം പദ്ധതി വിജയകരമായി തുടരുന്നു. ഇതുവരെ 6640 കുഞ്ഞുങ്ങള്‍ക്കാണ് സൗജന്യ ശസ്ത്രക്രിയ നടത്തിയത്. ഹൃദ്യം പദ്ധതി കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടിയും കൈക്കൊണ്ടിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!