ChuttuvattomVannappuram

തെരുവ് വിളക്കുകള്‍ കത്തുന്നില്ല; വണ്ണപ്പുറവും പരിസരവും ഇരുട്ടില്‍

വണ്ണപ്പുറം: ജില്ലയിലെ ഏറ്റവും വിസ്തൃതമായവയിലൊന്നും നിരവധി ഗ്രാമീണ റോഡുകളുമുള്ള വണ്ണപ്പുറം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്ന് പരാതി. പതിനേഴ് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തെരുവ് വിളക്കുകള്‍ സ്ഥാപിച്ചത്. ഇതോടൊപ്പം വ്യാപാര സ്ഥാപനങ്ങള്‍ ഏറെയുള്ള കാളിയാര്‍, അമ്പലപ്പടി, പ്ലന്റേഷന്‍ കവല, വണ്ണപ്പുറം ടൗണ്‍ എന്നിവിടങ്ങളില്‍ രാത്രി വെളിച്ചത്തിനായി ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചിരുന്നു. നിലവില്‍ കടകള്‍ അടച്ചാല്‍ വണ്ണപ്പുറം ടൗണ്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഇരുട്ടിലാകുന്ന അവസ്ഥയാണ്.

വഴിവിളക്കുകള്‍ തെളിയാത്തത് മൂലം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പുറത്തിറങ്ങാന്‍ ഭയക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. പുലര്‍ച്ചെ നടക്കുവാന്‍ ഇറങ്ങുന്നവര്‍ക്കും റോഡില്‍ വെള്ളിച്ചമില്ലാത്തത് ദുരിതമായി മാറി. കാല്‍നട യാത്രികരും വാഹനങ്ങളും റോഡിലെ കുഴികളിലും മറ്റും വീണ് അപകടമുണ്ടാകുന്നതും പതിവായി. തെരുവ് നായ ശല്യം രൂക്ഷമായ ഭാഗങ്ങളില്‍ ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാല്‍ പലരും പുറത്തിറങ്ങാന്‍ ഭയക്കുന്ന സ്ഥിതിയാണ്. രാത്രിയിലും പുലര്‍ച്ചെയും റോഡിലിറങ്ങുന്നവര്‍ വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍ ടോര്‍ച്ചും ഹെഡ് ലൈറ്റും ഉപയോഗിച്ചാണ് സഞ്ചരിക്കുന്നത്. വഴി വിളക്കുകള്‍ ഇല്ലാത്തതുമൂലം ഗ്രാമീണ റോഡുകളില്‍ ഉള്‍പ്പെടെ മോഷ്ടാക്കളും മദ്യപാനികളും കൈയ്യടക്കിയിരിക്കുകയാണ്. ലക്ഷകണക്കിന് രൂപ മുടക്കിയാണ് പഞ്ചായത്ത് വഴിവിളക്കുകള്‍ സ്ഥാപിച്ചത്. എന്നാല്‍ വഴിവിളക്കുകളില്‍ ഭൂരിഭാഗവും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അണയുകയും ചെയ്തു. ഇതേക്കുറിച്ച് പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞെങ്കിലും ലൈറ്റുകള്‍ എന്ന് തെളിയുമെന്നതിന് മറുപടി നല്‍കാന്‍ അവര്‍ക്കുമായില്ല. പണം വകയിരുത്തിയിട്ടുണ്ടെന്നും ഉടന്‍ അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിച്ച് ലൈറ്റുകള്‍ തെളിയിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

Related Articles

Back to top button
error: Content is protected !!