National

തോട്ടിപ്പണി സമ്പ്രദായം പൂർണ്ണമായും ഉൻമൂലനം ചെയ്യണം; കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും നിർദ്ദേശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: തോട്ടിപ്പണി നിരോധിക്കുന്നതിൽ  കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കർശന നിർദ്ദേശങ്ങളുമായി സുപ്രീം കോടതി. തോട്ടിപ്പണി സമ്പ്രദായം ഉന്മൂലനം ചെയ്യാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. മനുഷ്യന്റെ അന്തസ് നിലനിർത്താനാണ് നടപടിയെന്ന് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് വ്യക്തമാക്കി. തോട്ടിപ്പണി നിരോധനം, ഇതിലുൾപ്പെട്ടവരുടെ പുനരധിവാസം എന്നിവയ്ക്കുള്ള ചട്ടങ്ങളിൽ പതിനാല് നിർദ്ദേശങ്ങൾ നൽകി കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ. രാജ്യത്ത് നിലനിൽക്കുന്ന ഈ സമ്പ്രദായം പൂർണ്ണമായി അവസാനിപ്പിക്കണം. ഇതിന് സർക്കാരുകളുടെ ഭാഗത്ത് നിന്ന് അടിയന്തരമായ ഇടപെടൽ ആവശ്യമാണ്. ആധുനിക കാലത്തും രാജ്യത്ത് ഈ തൊഴിൽരീതി തുടരുന്നത് അപമാനകരമാണ്. കടുത്ത വേദന ഈക്കാര്യത്തിൽ രേഖപ്പെടുത്തുവെന്നും ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജ. അരിവന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അഴുക്കുചാലുകളുടെയും മാൻ ഹോളുകളുടെയും ശുചീകരണത്തിനിടെ മരണം സംഭവിക്കുന്നവർക്ക് സഹായധനം മുപ്പത് ലക്ഷമാക്കി ഉയർത്താൻ കോടതി ഉത്തരവിട്ടു, ജോലിക്കിടെ സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവർക്ക് ഇരുപത് ലക്ഷവും മറ്റ് അപകടങ്ങൾക്കുള്ള സഹായം ധനം പത്തു ലക്ഷമായും കൂട്ടണമെന്നും കോടതി നിദ്ദേശിച്ചു. തൊഴിൽ അവസാനിപ്പിക്കുന്നവരുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. കേന്ദ്രസർക്കാർ കണക്ക് അനുസരിച്ച് ആറുപത്തിനായിരത്തിനടുത്ത് തൊഴിലാളികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യസഭയിൽ നൽകിയ കണക്ക് പ്രകാരം 2018 മുതൽ 2022 വരെ 308 പേരാണ് ഈ തൊഴിലിനിടെ അപകടത്തിൽ മരിച്ചതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

Related Articles

Back to top button
error: Content is protected !!