Local LiveVelliyamattom

ന​വ​കേ​ര​ള സ​ദ​സി​ലും പ​രി​ഹാ​ര​മി​ല്ല : താ​രി​ഫ് വി​ല ഉ​യ​ർ​ന്നുത​ന്നെ

വെള്ളിയാമറ്റം: ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും വെള്ളിയാമറ്റം വില്ലേജിനു കീഴിലുള്ള ഭൂമിയുടെ ഉയര്‍ന്ന താരിഫ് വിലയ്ക്ക് ഇനിയും പരിഹാരം അകലെ. ഇവിടത്തെ താരിഫ് വില കുറയ്ക്കുമെന്ന് റവന്യു മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ആ വാഗ്ദാനം ഇനിയും നടപ്പായിട്ടില്ല. വെള്ളിയാമറ്റം പഞ്ചായത്തിനു പുറമെ കുടയത്തൂര്‍ പഞ്ചായത്തിലെ 1,2,3 വാര്‍ഡുകളിലും ഉയര്‍ന്ന താരിഫ് വിലയാണുള്ളത്. വെള്ളിയാമറ്റം വില്ലേജിനു കീഴിലാണ് ഈ വാര്‍ഡുകളും ഉള്‍പ്പെടുന്നത്. 2010-ല്‍ താരിഫ് വില പുതുക്കിയതുമുതല്‍ വെള്ളിയാമറ്റം നിവാസികളുടെ ദുരിതകാലം ആരംഭിച്ചു. നഗരസഭയിലെ ഭൂമിയുടെ താരിഫ് വിലയ്ക്ക് സമാനമായവിലയാണ് മലയോര മേഖലയായ വെള്ളിയാമറ്റത്തുള്ളത്. റവന്യു ഉദ്യോഗസ്ഥരുടെ തെറ്റായ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പ്രശ്‌നം ഉടലെടുത്തത്. ഇവിടത്തെ ഭൂമിയുടെ സ്റ്റാന്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും അമിതമായി ഉയര്‍ന്നു. ഇതു ഭൂമിയുടെ യഥാര്‍ത്ഥ വിലയേക്കാള്‍ 50 ഇരട്ടിവരെ കൂടുതലാണ്. ഇതോടെ ഭൂമി വില്‍പ്പന ഉള്‍പ്പടെയുള്ളവ അവതാളത്തിലായി.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും ഭൂമി വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. വിവാഹം, വിദ്യാഭ്യാസം, കാര്‍ഷിക വായ്പ എന്നിവയ്ക്കായി ഒരു തുണ്ട് ഭൂമിപോലും വില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഇതോടെ ജനങ്ങള്‍ സമരവുമായി രംഗത്തെത്തിയിരുന്നു. താരിഫ് വില നിര്‍ണയിച്ചതില്‍ അപാകതകളുണ്ടെന്നും ഇതു ക്രമപ്പെടുത്തണമെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കളക്ടര്‍ ഇതു റവന്യു വകുപ്പിനു കൈമാറി. എന്നാല്‍ പ്രശ്‌ന പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. ഇതേത്തുടര്‍ന്നു കര്‍ഷകനായ സജി ആലയ്ക്കാത്തടം നവകേരള സദസിലും പരാതി നല്‍കി. ഇവിടെനിന്നു ലഭിച്ച മറുപടിയിലും പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിഷയം പരിശോധിച്ചു വരികയാണെന്നുമായിരുന്നു വിശദീകരണം. നേരത്തേ വെള്ളിയാമറ്റം ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സമരം നടത്തുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനു പുറമേ ആയിരത്തോളം കര്‍ഷകര്‍ ഫോം അഞ്ചില്‍ കളക്ടര്‍ക്ക് ഇതു സംബന്ധിച്ച് പ്രത്യേക പരാതി നല്‍കിയെങ്കിലും പ്രശ്‌നപരിഹാരമായിട്ടില്ല.

Related Articles

Back to top button
error: Content is protected !!