Idukki

മോട്ടോര്‍ വാഹന വകുപ്പ് പരാതി പരിഹാര  അദാലത്ത്-വാഹനീയം ഡിസംബര്‍ 16 ന് 

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ ജനസേവന പരിപാടികളുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന ഇടുക്കി ജില്ലാതല പരാതി പരിഹാര അദാലത്ത്-വാഹനീയം 2022 ഡിസംബര്‍ 16 വെള്ളിയാഴ്ച ചെറുതോണി ടൗണ്‍ഹാളില്‍ രാവിലെ 10 മണിക്ക് നടക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദാലത്ത് ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ഇടുക്കി ആര്‍.ടി ഓഫീസും അതിന് കീഴിലുള്ള തൊടുപുഴ, ദേവികുളം, ഉടുമ്പന്‍ചോല, വണ്ടിപ്പെരിയാര്‍ ഓഫീസുകളും സംയുക്തമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ഇടുക്കി ജില്ലയിലെ ഓഫീസുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന പരാതികള്‍ തപാല്‍ മുഖേനയോ നേരിട്ടോ ബന്ധപ്പെട്ട ഓഫീസുകളില്‍ സമര്‍പ്പിക്കണം. അദാലത്തില്‍ വകുപ്പ് മന്ത്രി പരാതി നേരില്‍ കേട്ടു തീര്‍പ്പ് കല്‍പ്പിക്കും. നികുതി സംബന്ധമായ വിഷയങ്ങള്‍, ദീര്‍ഘകാലമായി തീര്‍പ്പാക്കാത്ത ഫയലുകള്‍, ചെക്ക് റിപ്പോര്‍ട്ടുകള്‍ മുതലായവ ഇതോടൊപ്പം പരിഗണിക്കും. കൂടാതെ ഉടമ കൈപറ്റാതെ ഓഫീസില്‍ മടങ്ങി വന്നിട്ടുള്ള ആര്‍. സി., ലൈസന്‍സുകള്‍ എന്നിവ നേരിട്ട് ലഭിക്കുന്നതിന് മേല്‍വിലാസം തെളിയിക്കുന്ന രേഖകളുമായി നേരിട്ട് എത്തണം.

പരിപാടിയില്‍ ഡീന്‍ കുര്യാക്കോസ് എം.പി., എം.എല്‍.എ.മാരായ എം.എം. മണി, പി. ജെ. ജോസഫ്, വാഴൂര്‍ സോമന്‍, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പോലീസ് മേധാവി കെ. യു. കുര്യാക്കോസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്ത് അംഗം കെ. ജി. സത്യന്‍, വാര്‍ഡ് അംഗം നിമ്മി ജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരാതി പരിഹാര അദാലത്തുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം. ഓഫീസ്: 04862-232244, ജോയിന്റ് ആര്‍.ടി.ഒ. ഇടുക്കി: 9188961906/8547639071, ജോയിന്റ് ആര്‍. ടി. ഒ. വണ്ടിപ്പെരിയാര്‍: 8547639176, ജോയിന്റ് ആര്‍. ടി. ഒ. തൊടുപുഴ: 8547639037, ജോയിന്റ് ആര്‍. ടി. ഒ. ഉടുമ്പന്‍ചോല: 8547639069, ജോയിന്റ് ആര്‍. ടി. ഒ. ദേവികുളം: 8547639068.

Related Articles

Back to top button
error: Content is protected !!