Idukki

ഒരുമയോടെ ഒരുമനസായി സ്‌കൂള്‍ ഉച്ചഭക്ഷണ ക്യാമ്പയിൻ തുടങ്ങുന്നു

ഇടുക്കി: ഒരുമയോടെ ഒരുമനസായി ജില്ലയില്‍ സ്‌കൂള്‍ ഉച്ചഭക്ഷണ ക്യാമ്പയിൻ തുടങ്ങുന്നു. ജില്ലയില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിവരുന്ന 462 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 80868 കുട്ടികള്‍ ഗുണഭോക്താക്കളാണ്. എല്ലാ സ്ഥാപനങ്ങളിലും ഉച്ചഭക്ഷണമായി ചോറിനുപുറമേ രണ്ട് തരം കറികളും നല്‍കി വരുന്നു. കൂടാതെ കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ട് തവണ പാലും ഒരു തവണ മുട്ട അല്ലെങ്കില്‍ നേന്ത്രപ്പഴവും നല്‍കുന്നു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്‍കുന്നത് പി.ടി.എ.-എസ്.എം.സി. പ്രസിഡന്റ് ചെയര്‍മാനായ, ഹെഡ്മാസ്റ്റര്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍ എന്നിവര്‍ അടങ്ങുന്ന സ്‌കൂള്‍തല നൂണ്‍മീല്‍ കമ്മിറ്റിയാണ്. ഭൂരിഭാഗം സ്‌കൂളുകളിലും പച്ചക്കറി തോട്ടത്തിന് രൂപം കൊടുക്കാനും, അതുവഴി വിഷരഹിത പച്ചക്കറികള്‍ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുവാനും സാധിക്കുന്നു. വാര്‍ഡ്തല പദ്ധതി കൂടുതല്‍ കാര്യക്ഷമാക്കുന്നതിന്റെ ഭാഗമായി പി.ടി.എ. പ്രസിഡന്റ്, ജനപ്രതിനിധികള്‍, പ്രഥമാധ്യാപകര്‍, പാചകത്തൊഴിലാളികള്‍ എന്നിവരുടെ യോഗം സബ്ജില്ലാതലത്തില്‍ വിളിച്ചു ചേര്‍ത്തു. യോഗത്തില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ക്രോഡീകരിച്ച് പദ്ധതി കൂടുതല്‍ ജനകീയമാക്കാന്‍ 2022 നവംബര്‍ ഒന്നു മുതല്‍ ഒരുമയോടെ ഒരുമനസായി എന്ന ക്യാമ്പയിന് തുടക്കം കുറിക്കും. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൂടുതല്‍ പൊലിമയോടും ആകര്‍ഷകവുമായി നല്‍കുന്നതിന് രക്ഷിതാക്കള്‍, കുട്ടികള്‍, അധ്യാപകര്‍, അനധ്യാപകര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പൂര്‍വവിദ്യാര്‍ഥികള്‍, സുമനസുകള്‍ എന്നിവരുടെ ജീവിതത്തിലെ ജന്മദിനം പോലുള്ള അവസരങ്ങളിലെ സന്തോഷം സ്‌കൂളിലെ കുട്ടികളുമായി പങ്കുവെക്കുവാനും അതുവഴി കൂട്ടായ്മയും ഐക്യവും വര്‍ധിപ്പിക്കാനുള്ള സന്ദര്‍ഭവുമാക്കാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!