Karimannur

എട്ട് വര്‍ഷം വാടകയ്ക്ക്; ഇപ്പോള്‍ ലഭിച്ചത് സ്വപ്ന ഭവനം

കരിമണ്ണൂര്‍ : കരിമണ്ണൂര്‍ പഞ്ചായത്തിലെ കോട്ടക്കവല വേട്ടൂര്‍കുന്നേല്‍ സിജു.വി.ആര്‍. ഉം കുടുംബവും ഇനി മുതല്‍ സ്വന്തം വീട്ടില്‍ താമസിക്കാമെന്നതിന്റെ സന്തോഷത്തിലാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി വാടകക്കായിരുന്നു സിജുവും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ ഇവര്‍ക്കൊരു ഭവനമെന്നത് ഇതുവരെ സ്വപ്നമായിരുന്നു. ഇതിനിടെയാണ് ലൈഫ് ഭവന പദ്ധതി പ്രകാരം ഭവന രഹിതര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ധന സഹായം ലഭിക്കുന്നതിനുള്ള ലിസ്റ്റില്‍ സിജുവും ഉള്‍പ്പെട്ടത്. ഇതോടെ ഓട്ടോറിക്ഷ തൊഴിലാളിയായ സിജു കഠിനാധ്വാനം ചെയ്തും മിച്ചം പിടിച്ചും ഒരു വിധം സ്വരുക്കൂട്ടിയ പണം കൊണ്ട് കോട്ടവലയില്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങി. തുടര്‍ന്ന് പഞ്ചായത്തധികൃതരുടേയും വിഇഓ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടേയും സഹായത്തോടെ കാര്യങ്ങള്‍ വേഗത്തിലായി. നാല് ലക്ഷം രൂപായുടെ ധനസഹായം ലഭ്യമായി. ഇതോടെ വീട് നിര്‍മ്മാണം ആരംഭിച്ചു. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായി. രണ്ട് കിടപ്പ് മുറി, ഹാള്‍, അടുക്കള, സിറ്റ് ഔട്ട്, ടോയ്ലെറ്റ് എന്നിങ്ങനെയുള്ള സൗകര്യത്തോടെയാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷമെന്നാണ് ഗൃഹപ്രവേശന ചടങ്ങിന് ശേഷം സിജു പറഞ്ഞത്. ഇതിന് സര്‍ക്കാരിനോടും പഞ്ചായത്തിനോടും മറ്റ് ഉദ്യോഗസ്ഥരോടുമെല്ലാം നന്ദി പറയുകയാണ് സിജുവും കുടുംബവും.

Related Articles

Back to top button
error: Content is protected !!