കരിമണ്ണൂര്‍ ടൗണില്‍ രണ്ട് കിലോ ഹാഷിഷ് ഓയില്‍ പിടികൂടി


കരിമണ്ണൂര്‍: കരിമണ്ണൂര്‍ ടൗണില്‍ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടുകിലോ ഹാഷിഷ് ഓയിലുമായി ഒഡീഷ സ്വദേശി പിടിയില്‍. ബല്ലൂരു നന്ദപ്പൂര്‍ കോട്ടറോട് പടുവ പതലുകുലം പേടയുടെ മകന്‍ മോഹന്‍ കുല പേട(30) ആണ് പിടിയിലായത്.
സ്വകാര്യബസില്‍ കരിമണ്ണൂര്‍ പള്ളി ബസ് സ്റ്റോപ്പില്‍ വന്നിറങ്ങുന്നതിനിടെയാണ് പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. മുന്‍കൂട്ടി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി പോലീസ് രഹസ്യ നിരീക്ഷണം നടത്തിവരുകയായിരുന്നു.
പിടികൂടിയ മയക്കുമരുന്നിന് മാര്‍ക്കറ്റില്‍ രണ്ട് കോടിയിലധികം രൂപ വിലവരുമെന്ന് കണക്കാക്കുന്നതായി പോലീസ് പറയുന്നു. പ്രതി അധ്യാപകനാണെന്നും വിവരമുണ്ട്. ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവന്നത് എന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്താലെ അറിയാന്‍ കഴിയൂ എന്നും പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി കറുപ്പുസ്വാമി, തൊടുപുഴ ഡിവൈഎസ്പി സദന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം സി.ഐ. സുമേഷ് സുധാകരന്‍, എസ്‌ഐ ഹരിദാസ് സിപിഓമാരായ മുജീബ്, പ്രദീഷ്, ബൈജു, സക്കിര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടിച്ചത്. അടുത്തിടെ ജില്ലയില്‍ പിടികൂടുന്ന ഏറ്റവും വലിയ മയക്ക് മരുന്ന കേസ് കൂടിയാണിത്.
