അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ ചക്കിമാലി-ഉളുപ്പൂണി മേഖലയിലെ ക്ഷീരകര്‍ഷകര്‍


തൊടുപുഴ: അറക്കുളം പഞ്ചായത്തിലെ വിദൂര മേഖലയായ ചക്കിമാലി, കപ്പക്കാനം, മുല്ലക്കാനം, ഉറുമ്പുള്ള്, ഉളുപ്പൂണി inപ്രദേശങ്ങളിലെ ക്ഷീര കര്‍ഷകര്‍ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. നിലനില്‍പ്പിനായി പൊരുതുന്ന ഈ ക്ഷീര കര്‍ഷക ഗ്രാമങ്ങള്‍ക്ക് പ്രതിസന്ധിയുടെ കഥകളാണ് പറയാനുള്ളത്. പ്രദേശവാസികളുടെ പ്രധാന ഉപജീവനമാര്‍ഗമാണ് കാലിവളര്‍ത്തല്‍. ഇങ്ങനെ ക്ഷീര മേഖലയില്‍ പണിയെടുത്ത് ഉപജീവനം കണ്ടെത്തുന്ന കര്‍ഷകര്‍ക്ക് നഷ്ട്ക്കണക്കുകളുടെ കഥ മാത്രമാണ് പറയാനുള്ളത്. ഇന്നാ ട്ടുകാര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടണമെങ്കില്‍ കിലോമീറ്ററുകള്‍ കാല്‍ നടയാത്ര മാത്രമാണ് ശരണം. കൃഷിയിടങ്ങളില്‍ പണിയെടുത്താല്‍ വന്യമൃഗ ശല്യം കാരണം ഒന്നും കിട്ടപ്പോരില്ല. എന്തെങ്കിലും തൊഴില്‍ കിട്ടണമെങ്കില്‍ ദൂരെ സ്ഥലങ്ങളില്‍ പോകണം. അതിനാണെങ്കിലോ യാത്ര സൗകര്യവുമില്ല. പാലിന് വിലകിട്ടാത്തതിനാല്‍ മേഖലയിലെ ക്ഷീരകര്‍ഷകര്‍ ദുരിതം പേറിയാണ് ജീവിതം നയിക്കുന്നത്.
പാലിന് വില ലഭിക്കുന്നില്ല :
പാല്‍ ലിറ്ററിന് 45 രൂപാ മുതല്‍ 50 രൂപാ വരെ വിലയുള്ളപ്പോള്‍ ഇന്നാട്ടുകാര്‍ക്ക് കിട്ടുന്നതു 35 മുതല്‍ 38 രൂപ വരെ മാത്രം. ഇത്തരത്തില്‍കിട്ടുന്ന ഒരു മാസത്തെ വരുമാനം അയ്യായിരത്തില്‍ താഴെ മാത്രമാണ്. മേഖലയില്‍ നിന്ന് പാല്‍ ശേഖരിക്കുന്നത് വഴിക്കടവിലുള്ള പാല്‍ സൊസൈറ്റിയാണ്. വഴിക്കടവില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ ദുര്‍ഘട പാത താണ്ടി വാഹനം എത്തി വേണം പാല്‍ സംഭരിക്കാന്‍. അതിനാല്‍ വാഹന കൂലിയിനത്തില്‍ വന്‍തുക ചെലവാകും. ഇതും ക്ഷീരകര്‍ഷകര്‍ മുടക്കണം.
വളര്‍ത്തുന്നത് നാടന്‍ പശുക്കളെ:
കൂടുതല്‍ പാല്‍ ലഭിക്കുന്ന ഇനം പശുക്കളെ വളര്‍ത്താന്‍ കാലാവസ്ഥ അനുകൂലമല്ലെന്ന് കര്‍ഷകര്‍ പറയുന്നു. കൂടാതെ അവയെ കാട്ടില്‍ മേയാന്‍ വിടാനും കഴിയില്ല. നാടന്‍ പശുക്കള്‍ക്ക് പാല്‍ കുറവാണ്. അവയെ രാവിലെ മാത്രമേ കറക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ ഇവ കാലാവസ്ഥയ്ക്ക് യോജിച്ചതും കാട്ടില്‍ മേയാന്‍ വിടാന്‍ കഴിയുന്നവയുമാണെന്ന മെച്ചമുണ്ട്. അതുകൊണ്ടാണ് ഇന്നാട്ടുകാര്‍ നാടന്‍ പശുക്കളെ മാത്രം വളര്‍ത്തുന്നത്.
പരിഹാരം ഉളുപ്പൂണിയില്‍ പാല്‍ സൊസൈറ്റി
ഉളുപ്പൂണിയില്‍ പാല്‍ സൊസൈറ്റി തുടങ്ങുകയും അവിടെ നിന്ന് വാഹനമെത്തി ചക്കിമാലി, കപ്പക്കാനം, ഉറുമ്പുളള് മേഖലകളില്‍നിന്നും പാല്‍ ശേഖരിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്താല്‍ ക്ഷീരമേഖലയിലേയ്ക്ക് ഗുണം ചെയ്യുമെന്ന് കര്‍ഷകര്‍ പറയുന്നു. കൂടാതെ വില്‍പന സൗകര്യം ഉണ്ടായാല്‍ രാവിലെയും വൈകിട്ടും പാല്‍ അളക്കാന്‍ കഴിയും. ഇതോടെ കൂടുതല്‍ കര്‍ഷകരെ ക്ഷീരമേഖലയിലേയ്ക്ക് ആകര്‍ഷിക്കാന്‍ സാധിക്കും. നാടന്‍ പശുക്കള്‍ക്കൊപ്പം കൂടുതല്‍ പാല്‍ ലഭിക്കുന്ന പശുക്കളെ വളര്‍ത്താനുള്ള സഹായം നല്‍കുക, ആധുനിക തൊഴുത്തുകള്‍ നിര്‍മിക്കാന്‍ സഹായം, പശുക്കള്‍ക്ക് രോഗം ഉണ്ടായാല്‍ ചികിത്സാ സംവിധാനം ഉള്‍പ്പെടെ ഇന്നാട്ടില്‍ ക്രമീകരിക്കണം. കാലികള്‍ക്ക് മേയാന്‍ ധാരാളം പുല്‍മേടുകള്‍ ഉള്ള പ്രദേശമാണിവിടം. ഇത്തരം അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ കാലിവളര്‍ത്തലിലൂടെ പ്രദേശവാസികള്‍ക്ക് ഇന്നാട്ടില്‍ തന്നെ ഉപജീവനമാര്‍ഗം കണ്ടെത്താനുള്ള വഴി തെളിയും. ഇതിനായി
മില്‍മയുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും ഇടപെടല്‍ ഉണ്ടാകണം. അങ്ങനെ ഉളുപ്പൂണി, കപ്പകാനം, ഉറുമ്പുളള്, ചക്കിമാലി മേഖലയിലെ ക്ഷീര കര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധിക്കു പരിഹാരം ഉണ്ടാക്കണമെന്നാണ് ക്ഷീരകര്‍ഷരുട ആവശ്യം. അതിനായി കൂടുതല്‍ പാല്‍ നല്‍കുന്ന പശുക്കളെ വളര്‍ത്താന്‍ കര്‍ഷകര്‍ക്ക് പരിശീലനവും സഹായവും നല്‍കണം. സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും ഭാഗത്തു നിന്നും നല്ല ഇടപെടല്‍ ഉണ്ടായാല്‍ ഉളുപ്പൂണി കേന്ദ്രമായി ഒരു ക്ഷീര കര്‍ഷക ഗ്രാമം രൂപപ്പെടുത്താന്‍ കഴിയും. ഒപ്പം മലയോര ഗ്രാമമത്തില്‍ ക്ഷീര വിപ്ലവത്തിന് തുടക്കം കുറിക്കാന്‍ കഴിയും എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ അധിവസിക്കുന്നത് കൂടുതലും ആദിവാസികളാണ്. അവരെ സഹായിക്കാന്‍ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സജീവമായാല്‍ ഇവിടത്തുകാര്‍ രക്ഷപെടും. അതിന് സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം.
