പഴയ സബ് കളക്ടറെ യാത്ര അയച്ചത് സൈക്കിളില്‍ , പുതിയ ആള്‍ എത്തിയതും സൈക്കിളില്‍ തന്നെ


മൂന്നാർ: ചുമതല ഒഴിയുന്ന ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണന് മൂന്നാറിലെ യുവാക്കൾ സൈക്കിൾ റാലിയോടെ യാത്രയയപ്പ് നൽകി. പുതിയ സബ് കള്കടർ രാഹുൽ കൃഷ്ണൻ സ്ഥാനമേറ്റെടുക്കാനെത്തിയതും സൈക്കിളിൽ. മൂന്നാറിലെ കൈസ്ത്രൽ അഡ്വഞ്ചേഴ്സിന്റെ ആഭിമുഖ്യത്തിലാണ് നിരവധി പേർ പങ്കെടുത്ത സൈക്കിൾ റാലിയോടെ സബ് കളക്ടർക്ക് വിടവാങ്ങൽ ചടങ്ങ് നടത്തിയത്.
അടുത്ത വർഷം ജൂൺ മൂന്നിന് നടത്തുന്ന ലോക സൈക്കിൾ ദിനത്തിന്റെ പ്രചരണാർത്ഥമുള്ള മൂന്നാർ ബൈക്ക് ലവേഴ്സിന്റെ വിവിധ പരിപാടികളുടെ തുടക്കമായാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്. പുതിയ സബ് കളക്ടർ രാഹുൽ കൃഷ്ണ ചുമതല ഏറ്റെടുക്കാനും ഇതേരീതിയിൽ എത്തിയത് കൗതുകമായി.
ശുദ്ധവും പച്ചപ്പുമുള്ള മാലിന്യവിമുക്തവുമായ ആരോഗ്യമുള്ള മൂന്നാറിനായി നിലനിൽക്കാനും പ്രവർത്തിക്കാനും തയ്യാറാകണം എന്ന സന്ദേശവുമായാണ് പ്രേം കൃഷ്ണൻ മൂന്നാറിനോട് വിടവാങ്ങിയത്. അഡ്വ. എ. രാജ എം.എൽ.എയും നിയുക്ത സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ, സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
