എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ആംബുലന്‍സ് അനുവദിക്കണം: മനുഷ്യാവകാശ കമ്മിഷന്‍


തൊടുപുഴ: ആംബുലന്‍സ് സൗകര്യം അനുവദിച്ചിട്ടില്ലാത്ത ആരോഗ്യ കേന്ദ്രങ്ങളില്‍ എത്രയും വേഗം ആംബുലന്‍സ് അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
ഇതിനായി സര്‍ക്കാര്‍ ഫണ്ടോ, എം.പി, എം.എല്‍.എ ഫണ്ടോ ലഭ്യമാക്കണം. ഇല്ലെങ്കില്‍ പ്രാദേശിക ഭരണകൂടങ്ങളുടെ സഹായം തേടണമെന്നും കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു. ആംബുലന്‍സിന്റെ സേവനം രോഗികള്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പു സെക്രട്ടറി ത്വരിതപ്പെടുത്തണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ ജൂലൈ 30 നകം ആരോഗ്യ വകുപ്പ് സെക്രട്ടറി കമ്മീഷനില്‍ ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
നിലവില്‍ ആംബുലന്‍സ് സൗകര്യമുള്ള ആശുപത്രികളിലെ മേലധികാരികള്‍ പ്രസ്തുത സൗകര്യം രോഗികള്‍ക്ക് യഥാസമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
2021 ഫെബ്രുവരി 7 ന് പ്രസവവേദന കാരണം പുളഞ്ഞ കുമളി മണ്ണാംകുടി ആദിവാസി കോളനിയിലെ കണ്ണന്റെ ഭാര്യ വീനീതക്ക് ആംബുലന്‍സ് ലഭ്യമല്ലാത്തതിനാല്‍ ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതിനാല്‍ വീട്ടില്‍ പ്രസവിക്കേണ്ടി വന്ന ദുരവസ്ഥക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ഗിന്നസ് മാടസാമിയാണ് പരാതിക്കാരന്‍.
പരാതി ശരിവച്ച കുമളി മെഡിക്കല്‍ ഓഫീസര്‍ മനപൂര്‍വമായ അനാസ്ഥ ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു. കുമളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആമ്പുലന്‍സ് ലഭ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടിയന്തിര സന്ദര്‍ഭങ്ങളില്‍ ആംബുലന്‍സ് ലഭിക്കാതെ വന്നാല്‍ വിലപ്പെട്ട ജീവനുകള്‍ നഷ്ടമാകുമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു. ഇത്തരം വേദനാജനകമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ കരുതല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും മതിയായ സൗകര്യത്തോടുകൂടിയ ആംബുലന്‍സ് സേവനം അത്യാവശ്യമാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു.
