ഇടുക്കിയില്‍ പോലീസ് സേനയില്‍ ക്രിമിനല്‍ ബന്ധങ്ങള്‍: നിരവധി പോലീസുകാര്‍ നടപടി നേരിടുന്നു


ഇടുക്കി: ഇടുക്കിയില്‍ ജില്ലയിലെ പോലീസ് സേനയില്‍ ക്രിമിനല്‍ ബന്ധങ്ങള്‍. പോലീസിലെ ക്രിമിനല്‍ ബന്ധങ്ങള്‍ സേനയ്ക്കുതന്നെ നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് അടുത്തിടെ പുറത്തു വന്നത്. കേരള മനസാക്ഷിയെ ഞെട്ടിച്ച രാജ്കുമാര് കസ്റ്റഡി മരണക്കേസ് അടക്കം ഇടുക്കിയിലാണെന്നതും ഇക്കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. രാജ്കുമാറിനെ ഉരുട്ടിക്കൊന്ന സംഭവത്തില്‍ പോലീസുകാര്‍ നടപടി നേരിടുമ്പോഴും ജില്ലയിലെ പോലീസ് സേനയില്‍ കേസുകള്‍ അട്ടിമറിക്കുന്നത് തുടരുകയാണ്. സമീപകാലത്ത് അബ്കാരി കേസില്പ്പെട്ടയാള്ക്കുവേണ്ടി ഇടപെട്ട സി.ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ചാരായക്കേസുമായി ബന്ധപ്പെട്ട് സി.ഐ അടക്കമുള്ള ചില ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം 14 കാരി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം അട്ടിമറിച്ച മൂന്നുപോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. കുമളിയില്‍ രാജസ്ഥാന് സ്വദേശിയായ പതിനാലുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് അട്ടിമറിക്കപ്പെട്ടത്. കുമളി മുന്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പ്രശാന്ത് പി. നായര്‍, കുമളി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐമാരായ ബര്ട്ടിന് ജോസ്, അക്ബര്‍ സാദത്ത് എന്നിവരെയാണ് കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തത്. പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിട്ടും കേസ് അട്ടിമറിച്ചെന്നാണ് ആരോപണം. ഇടുക്കി എസ്.പിയുടെ റിപ്പോര്‍ട്ടുപ്രകാരം എറണാകുളം റേഞ്ച് ഡി.ഐ.ജി: കാളിരാജ് മഹേഷ്കുമാറാണ് നടപടിയെടുത്തത്. കേസില്‍ ദുരൂഹതയുണ്ടെന്ന് സംസ്ഥാന പോലീസ് ഇന്റലിജന്റ്സിന്റെ റിപ്പോര്‍ട്ട്പ്രകാരം നടന്ന അന്വേഷണത്തിലാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്. നവംബര്‍ ഏഴിനാണ് പതിനാലുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുമളിയില്‍ ഹോട്ടല്‍ നടത്തുന്ന പിതാവ് സ്വദേശത്തേക്ക് പോയ സമയത്തായിരുന്നു സംഭവം. അമ്മയും മകളും തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് മകള്‍ മുറിയില്‍ കയറി കതകടച്ചുവെന്നും ഒരു ദിവസം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയെന്നുമാണ് മൊഴി. കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായതോടെ അന്വേഷണം എസ്.എച്ച്.ഒയെ ഏല്‍പ്പിച്ചു. എന്നാല്‍ മാതാപിതാക്കള്‍ രാജസ്ഥാനിലേക്ക് തിരികെപ്പോയതോടെ കേസിന്റെ അന്വേഷണം മന്ദഗതിയിലായി. എസ്.എച്ച്.ഒയെ ഇതിനിടെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. അടുത്തകാലത്ത് പോലീസ് ഇന്റലിജന്റ്സ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ഫോണ്‍ കണ്ടെത്തിയെങ്കിലും ഇത് മഹസറില്‍ ചേര്‍ക്കുകയോ പരിശോധിക്കുയോ ചെയ്തില്ല.
കുട്ടിയുടെ കെയര്‍ടേക്കറായി കൂടെയുണ്ടായിരുന്ന മലയാളി യുവാവിനെ ചോദ്യം ചെയ്തില്ല, മാതാപിതാക്കള്‍ അടക്കമുള്ള സാക്ഷികളെ വിശദമായി ചോദ്യം ചെയ്തില്ല തുടങ്ങിയ ഗുരുതരവീഴ്ച്ചകളാണ് ഇന്റലിജന്റ്സ് കണ്ടെത്തിയത്. ഇടുക്കി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കുമളിയിലെ സംഭവമടക്കം നിരവധി ആരോപണങ്ങളാണ് ജില്ലയിലെ പോലീസ് അടുത്തകാലത്ത് നേരിടുന്നത്.
