ഗോത്ര വര്‍ഗ ജനവിഭാഗത്തിനായി പദ്ധതികളുടെ പ്രളയം.എന്നാൽ പ്രയോജനം വട്ടപ്പൂജ്യം.


പൂമാല: ഗോത്ര വര്‍ഗ ജനവിഭാഗത്തിനായി പദ്ധതികളുടെ പ്രളയം. പക്ഷേ ഉദ്ദേശ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഒന്നിനും കഴിഞ്ഞില്ല.
വെള്ളിയാമറ്റം പഞ്ചായത്തിലെ കൂവക്കണ്ടത്താണ് ഗോത്ര വിഭാഗത്തിന് തൊഴില്‍ ലഭ്യമാക്കാനായി മൂന്ന് പദ്ധതികള്‍ കൊണ്ടുവന്നത്. എന്നാല്‍ പതിനഞ്ചു വര്‍ഷമായി ഇവയൊന്നും പ്രവര്‍ത്തിക്കുന്നില്ല. കൂവക്കണ്ടത്തു നിന്ന് വാളിയം തോടിനു പോകുന്ന വഴിക്കാണ് വ്യവസായ വകുപ്പിന്റ വകയായി രണ്ടു കെട്ടിടങ്ങളുള്ളത്. ഒന്ന് തയ്യല്‍ പരിശീലനകേന്ദ്രം. മറ്റൊന്ന് ധാന്യപ്പൊടികളും കറിപൗഡര്‍ നിര്‍മിക്കാനുമുള്ള യൂണിറ്റ്. ഇവിടെ ഉത്‌പാദിപ്പിക്കുന്ന ഉത്‌പന്നങ്ങള്‍ വിറ്റ് കിട്ടുന്ന ലാഭം ഉപയോഗിച്ചാണ് തൊഴിലാളികള്‍ക്ക് ശമ്ബളം നല്‍കിയിരുന്നത്.തുടക്കത്തില്‍ വിജയകരമായി പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് നല്ലരീതിയില്‍ പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഇതോടെ ഈ സ്‌ഥാപനത്തില്‍ ജോലി ചെയ്‌ത് ഉപജീവനം നടത്തിയിരുന്നവര്‍ വഴിയാധാരമായി. ഇതില്‍ കൂടുതലും വനിതകളായിരുന്നു. ഡി.ഡബ്ല്യൂ.സി.ആര്‍. വനിതകള്‍ക്കായി ആരംഭിച്ച ഗോത്രവര്‍ഗ പാരമ്ബര്യ ഉത്‌പന്ന നിര്‍മാണ യൂണിറ്റും തുടങ്ങി അധികനാള്‍ കഴിയും മുമ്ബ്‌് നിലച്ചു. ഇവിടെ ഈറ്റ, മുള എന്നിവ ഉപയോഗിച്ചു കുട്ട, മുറം ഉള്‍പ്പടെ വീ ട്ടുപയോഗത്തിനുള്ള സാധനങ്ങള്‍, ഈറ്റയില്‍ തീര്‍ത്ത കരകൗശല ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം എന്നിവയിലും പരിശീലനം നല്‍കിയിരുന്നു. എന്നാല്‍ അധികം വൈകാതെ ഈ സ്‌ഥാപനവും പൂട്ടി. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു ആദിവാസി ക്ഷേമത്തിനായും ഗോത്ര വിഭാഗങ്ങള്‍ക്ക് തൊഴില്‍ നല്‍കാനുമായി ആരംഭിച്ച സ്‌ഥാപനങ്ങളെല്ലാം ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. സാധ്യതകള്‍ പഠിക്കാതെ പദ്ധതികള്‍ തുടങ്ങിയതാണ് പരാജയ കാരണം.
ഉപയോഗ ശൂന്യമായി കിടക്കുന്ന ഉപകരണങ്ങളും കെട്ടിടവും പ്രയോജനപ്പെടുത്തി ഗോത്ര വിഭാഗം യുവാക്കള്‍ക്കും യുവതികള്‍ക്കും പ്രയോജനപ്പെടുന്ന പുതിയ സംരംഭങ്ങളും പരിശീലന കേന്ദ്രങ്ങളും ആരംഭിക്കണമെന്നാണ് ഗോത്ര ജനവിഭാഗം ആവശ്യപ്പെടുന്നത്.
