കുമാരമംഗലത്ത് കർഷകന്റെ കുളത്തിൽ നിന്നും മീൻ മോഷ്ടിച്ചതായി പരാതി


തൊടുപുഴ :കുമാരമംഗലം ഒൻപതാം വാർഡിൽ മൈലകൊമ്പ് വഴുതലക്കാട്ട് സിറിൽ ജോസിന്റെ മുപ്പതു സെന്റ് കുളത്തിലെ മീനുകളാണ് മോഷണം പോയത്. ലോക്ക്ഡൗൺ കാലത്ത് രണ്ട് സുഹൃത്തുക്കൾ ചേർന്ന് ജെ.സി.ബി ഉപയോഗിച്ച് കുളം നിർമിച്ചാണ് കൃഷി ആരംഭിച്ചത്.ഏകദേശം ആറായിരം മത്സ്യ കുഞ്ഞുങ്ങളെയാണ് ഇവിടെ വളർത്തിയിരുന്നത്. പുറത്തുള്ളവർക്കു അകത്തു കയറാനാകാത്തവിധം വലക്കൊണ്ട് പൂർണമായും കുളം മൂടിയ നിലയിലായിരുന്നു.എന്നാൽ മോഷ്ടാക്കൾ വലയുടെ ഒരുഭാഗം മുറിച്ചുമാറ്റി അകത്തു പ്രവേശിച്ച് കോരുവലയോ മറ്റോ ഉപയോഗിച്ചാണ് മീൻ മോഷ്ടിച്ചതെന്ന് കരുതുന്നു.തീറ്റ നൽകാനെത്തിയപ്പോഴാണ് സ്ഥിരമായി കൂട്ടമായി എത്താറുള്ള മീനുകളിൽ എണ്ണത്തിലുണ്ടായ കുറവ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് കുളത്തിലെ വല കീറിയ നിലയിൽ കണ്ടത്.
കൃഷിക്കായി ആദ്യഘട്ടത്തിൽ മൂന്നു ലക്ഷത്തിൽപരം രൂപ മുടക്കിയിരുന്നതായി സിറിൽ പറഞ്ഞു. ഈ വിവരങ്ങൾ കാണിച്ചു തൊടുപുഴ സി ഐക്ക് പരാതി നൽകിയിട്ടുണ്ട്.
