Velliyamattom

വെള്ളിയാമറ്റത്ത് സദ്ഭാവന മണ്ഡപത്തിന്റെ നിര്‍മ്മാണത്തിന് തുടക്കമായി

വെള്ളിയാമറ്റം : ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ജനവികാസ് കാര്യക്രം (പി.എം.ജി.വി.കെ) പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള സദ്ഭാവന മണ്ഡപത്തിന്റെ നിര്‍മ്മാണം തുടങ്ങി. വെള്ളിയാമറ്റം പഞ്ചായത്തിലെ കറുകപ്പിള്ളിയില്‍ ബ്ലോക്ക് പ്രസിഡന്റ് മാത്യു.കെ ജോണ്‍, വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു.

ന്യൂനപക്ഷ പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രോജക്ട് തയ്യാറാക്കിയിട്ടുള്ളത്്. ബ്ലോക്ക് പഞ്ചായത്തില്‍ പദ്ധതി നിര്‍വ്വഹണത്തിനായി ബ്ലോക്ക് തല സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഇടുക്കി ജില്ലാ നിര്‍മ്മിതി കേന്ദ്രത്തെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.

 

ഒരു കോടി 40 ലക്ഷം രൂപ മുടക്കി നിര്‍മ്മിക്കുന്ന സദ്ഭാവനാ മണ്ഡപത്തില്‍ സമ്മേളന ഹാള്‍, അടുക്കള, ഡൈനിംഗ് ഹാള്‍, ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ശുചിമുറികള്‍, ഓഫീസ് റും, സ്റ്റേജ് എന്നീ സൗകര്യങ്ങള്‍ അടങ്ങുന്ന ഒരു വിവിധ ഉപയോഗ ഹാള്‍ ആണ് പദ്ധതി മുഖേന നിര്‍മ്മിക്കുന്നത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡാനിമോള്‍ വര്‍ഗ്ഗീസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ജോസി വേളാച്ചേരി, ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടോമി കാവാലം, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആന്‍സി സോജന്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷെമീന അബ്ദുള്‍ കരിം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മോഹന്‍ദാസ് പുതുശ്ശേരി, ബ്ലോക്ക് മെമ്പര്‍മാരായ ടെസ്സിമോള്‍ മാത്യു, കെ.എസ്.ജോണ്‍, നൈസി ഡെലിന്‍, ജിജി സുരേന്ദ്രന്‍, ഷൈനി സന്തോഷ്, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അഭിലാഷ് രാജന്‍, വി.കെ ക്യഷ്ണന്‍, കബീര്‍ കാസിം എന്നിവര്‍ പങ്കെടുത്തു.

 

മുന്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്താണ് പദ്ധതി അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വെള്ളിയാമറ്റം പഞ്ചായത്തിലെ പന്നിമറ്റം കുറുവാക്കയത്ത് മുന്‍ മന്ത്രി എം.എം.മണിയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ ചടങ്ങില്‍ മുന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ സദ്ഭാവനാ മണ്ഡപത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചിരുന്നു. എന്നാല്‍ അന്ന് എസ്.റ്റി വിഭാഗത്തിന് അനുവദിച്ച സ്ഥലത്ത് നിര്‍മ്മാണം നടത്താന്‍ അനുവാദം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വന്ന പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ വെറേ സ്ഥലം കണ്ടെത്തുകയും പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിക്കുകയും ആയിരുന്നു. ഒരു കോടി 40 ലക്ഷത്തിന്റെ പ്രോജക്ട് പഞ്ചായത്തിന് ഒരു മുതല്‍ കൂട്ട് ആവുമെന്ന് മനസ്സിലാക്കിയാണ് പദ്ധതിയെ പുനരുജ്ജിവിപ്പിക്കുവാന്‍ തീരുമാനിച്ചതെന്ന് ഭരണ സമിതിയംഗങ്ങള്‍ പറഞ്ഞു.

 

ചിത്രം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ജനവികാസ് കാര്യക്രം പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള സദ്ഭാവന മണ്ഡപത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം കറുകപ്പിള്ളിയില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ.ജോണ്‍, വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു

Related Articles

Back to top button
error: Content is protected !!