കോടിക്കുളത്തെ ചുഴലിക്കാറ്റ്; പ്രത്യേക പാക്കേജില്‍പ്പെടുത്തി സഹായം അനുവദിക്കും – മന്ത്രി റോഷി അഗസ്റ്റ്യന്‍


കോടിക്കുളം : കോടിക്കുളം പഞ്ചായത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് പ്രത്യേക പാക്കേജില്‍പ്പെടുത്തി സഹായം അനുവദിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റ്യന്‍ പറഞ്ഞു. തകര്‍ന്ന വീടുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. അസാധാരണമായ രീതിയിലാണ് ഇവിടെ ദുരന്തമുണ്ടായത്. തലനാരിഴക്കാണ് ആളുകള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ദുരിതബാധിതര്‍ക്കുള്ള സഹായം വൈകില്ലെന്നും ഇതിനായി റവന്യൂ വകുപ്പുമായി ചേര്‍ന്ന് നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ദുരിതം കാണാനെത്തിയ മന്ത്രിക്ക് മുന്നില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ തങ്ങള്‍ നേരിട്ട ഭീകരാനുഭവം വിവരിച്ചു. മേല്‍ക്കൂര പോയതും ഭിത്തി ഇടിഞ്ഞു വീണതുമായ വീടുകള്‍ക്കുള്ളില്‍ കയറി മന്ത്രി ദുരന്തം നേരില്‍ കണ്ടു. വീട്ടുകാരെ ആശ്വസിപ്പിച്ചതിന് പുറമേ സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ കാലതാമസം ഉണ്ടാവില്ലെന്നും മന്ത്രി ദുരിതബാധിതര്‍ക്ക് ഉറപ്പ് നല്‍കി. സംഭവം സംബന്ധിച്ച വിവരം സ്ഥലത്ത് നിന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ഫോണിലൂടെ റവന്യു വകുപ്പ് മന്ത്രി കെ.രാജന്റെ ഓഫീസില്‍ ധരിപ്പിച്ചു. രേഖാമൂലം ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് റവന്യൂ വകുപ്പിന് കൈമാറുമെന്ന് മന്ത്രി പറഞ്ഞു. ഇതോടൊപ്പം അടിയന്തിര നടപടിയെടുക്കുന്നതിനു ജില്ലാ കളക്ടര്‍ക്കു മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതിനായി തഹസില്‍ദാറുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സ്ഥലത്തെത്തിയ തൊടുപുഴ തഹസില്‍ദാര്‍ കെ.എം. ജോസുകുട്ടി റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികള്‍ മന്ത്രിയെ ധരിപ്പിച്ചു.
കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് കുമാര്‍, വൈസ് പ്രസിഡന്റ് രമ്യ മനു, പഞ്ചായത്തംഗങ്ങളായ ഹലീമ നാസര്‍, ഷേര്‍ളി ആന്റണി, പോള്‍സണ്‍ മാത്യു, ഫ്രാന്‍സിസ് സ്‌കറിയ, ബിനി മോന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് കോടിക്കുളം പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറേ കോടിക്കുളം, വെള്ളംചിറ ഭാഗത്ത് ചുഴലിക്കാറ്റ് വീശിയടിച്ചത്. ഇതേ തുടര്‍ന്ന് 10 വീടുകള്‍ പൂര്‍ണ്ണമായും 35 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ക്ക് പുറമേ ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങളിലും നാശമുണ്ടായി. പൂര്‍ണ്ണമായും തകര്‍ന്ന വീടുകളിലെ താമസക്കാരില്‍ ചിലര്‍ ബന്ധു വീടുകളിലേക്കും മറ്റും മാറി താമസിക്കുകയാണ്. ഏതാനും ചില വീടുകള്‍ക്ക് കോടിക്കുളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക മേല്‍ക്കൂര സ്ഥാപിച്ചാണ് ആളുകള്‍ താമസിക്കുന്നത്.
