ജീവിതവിജയത്തിന് അബ്ദുൽകലാമിന്റെ വാക്കുകൾ പിന്തുടരണം: ഫാ. മാത്യു മുണ്ടക്കൽ


കരിമണ്ണൂർ: ജീവിതവിജയത്തിന് മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിന്റെ വാക്കുകൾ പിന്തുടരണമെന്ന് കോതമംഗലം രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. മാത്യു എം. മുണ്ടക്കൽ പറഞ്ഞു. ശാസ്ത്രജ്ഞനും അധ്യാപകനുമായ മുൻരാഷ്ട്രപതിയ്ക്ക് ആദരവു അറിയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചരമദിനത്തിൽ കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ നടത്തിയ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എസ്ൽസി പരീക്ഷ എഴുതിയ 296 വിദ്യാർത്ഥികളെയും ജയിപ്പിച്ച് നൂറുശതമാനം വിജയം ആവർത്തിക്കാൻ പ്രയത്നിച്ച സ്റ്റാഫ് അംഗങ്ങളെയും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 108 വിദ്യാർത്ഥികളെയും, 9 വിഷയങ്ങൾക്ക് എ പ്ലസ് നേടിയ നാല്പത്തിരണ്ടു വിദ്യാർത്ഥികളെയും അനുമോദിക്കുന്ന പരിപാടിയിൽ സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ അധ്യക്ഷത വഹിച്ചു. തൊടുപുഴ എഇഓ ഷീബ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ബിസോയ് ജോർജ് പത്താം ക്ലാസിനു ശേഷമുള്ള പഠന സാധ്യതകളെക്കുറിച്ച് വിശദീകരിച്ചു. വാർഡ് മെമ്പറും മുൻ അധ്യാപികയുമായ ആൻസി സിറിയക്, കരിമണ്ണൂർ പഞ്ചായത്ത് അംഗവും പിറ്റിഎ പ്രസിഡണ്ടുമായ ലിയോ കുന്നപ്പള്ളി, എംപിറ്റിഎ പ്രസിഡന്റ് റാണി ഷിമ്മി, സ്റ്റാഫ് സെക്രട്ടറി ജോളി എം. മുരിങ്ങമറ്റം എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ സജി മാത്യു സ്വാഗതവും, അധ്യാപക പ്രതിനിധി ജീസ് എം. അലക്സ് നന്ദിയും പറഞ്ഞു. ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളുടെ പ്രതിനിധികളായ കാർത്തിക് കൃഷ്ണ പി. എം., ആഷ്ന പോൾ എന്നിവർ മറുപടിപ്രസംഗം നടത്തി. സീനിയർ ടീച്ചർ ഷേർലി ജോൺ, അധ്യാപകരായ ജയ്സൺ ജോസ്, ജോ മാത്യു, സോജൻ അബ്രഹാം, ജിയോ ചെറിയാൻ, ടീന ജോസ്, രസികപ്രിയ എസ്. നാഥ്, ഡയാന ജോപ്പി എന്നിവർ നേതൃത്വം നൽകി.
