നഗരസഭയില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധ സമരം നടത്തി


തൊടുപുഴ: കാരിക്കോടിനു പുറമെ പാറക്കടവിലെ വാക്‌സിനേഷന്‍ സെന്ററും നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ കാര്യാലയത്തിന് മുന്‍പില്‍ പ്രതിഷേധ സമരം നടത്തി. പാറക്കടവിലും കാരിക്കോടും വാക്‌സിനേഷന്‍ സെന്ററുകള്‍ നിലനിര്‍ത്തുകയും പുതുതായി കാഞ്ഞിരമറ്റത്തും, തൊടുപുഴ ടൗണിലും സെന്ററുകള്‍ തുടങ്ങണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. കൂടുതല്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ തുടങ്ങാന്‍ സാധിച്ചാല്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ സാധിക്കും. നിലവില്‍ അമ്പതിനായിരത്തിലധികം ജനസംഖ്യ ഉള്ള നഗരസഭയില്‍ രണ്ട് വാക്‌സിനേഷന്‍ സെന്ററുകള്‍ മാത്രമാണുള്ളത്. പഞ്ചായത്തുകള്‍ക്ക് കിട്ടുന്ന പരിഗണന പോലും ഇക്കാര്യത്തില്‍ നഗരസഭക്ക് ലഭിക്കുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. തെറ്റായ നിലപാടുകളില്‍ മാറ്റം വരുത്താന്‍ തയാറാകാത്തപക്ഷം സമരം ശക്തമാക്കുമെന്നും ഇവര്‍ പറഞ്ഞു. യോഗത്തില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ കരിം അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ദീപക് ഉദ്ഘാടനം ചെയ്തു. അഡ്വ. ജോസഫ് ജോണ്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷീജ ഷാഹുല്‍, സഫിയ ജബ്ബാര്‍, സനു കൃഷ്ണന്‍, ഷഹനാ ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു.
