ഇളംദേശത്തെ പാര്‍ട്ടിക്കിള്‍ ബോര്‍ഡ് ഫാക്ടറി: വെള്ളിയാമറ്റം പഞ്ചായത്തിനെതിരേ സംരംഭകര്‍


തൊടുപുഴ: ഇരുന്നൂറ് പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന വ്യവസായ പദ്ധതി മൂന്നു വര്‍ഷമായി വെള്ളിയാമറ്റം പഞ്ചായത്തിന്റെ ഫയലില്‍ ഉറങ്ങുന്നു. ഇളംദേശത്ത് പാര്‍ട്ടിക്കിള്‍ ബോര്‍ഡ് ഫാക്ടറി സ്ഥാപിക്കാന്‍ എത്തിയ നിക്ഷേപകരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 48 കോടി മുതല്‍മുടക്കുള്ള ഇരുന്നൂറ് പേര്‍ക്ക് നേരിട്ടും ആയിരത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണ് പഞ്ചായത്തിന്റെ വിമുഖത കൊണ്ട് ഫയലില്‍ ഉറങ്ങുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. വ്യവസായ ശാല സ്ഥാപിക്കുന്നതിനാവശ്യമായ എല്ലാ രേഖകളും പഞ്ചായത്തില്‍ സമര്‍പ്പിച്ച് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഇന്‍സ്റ്റലേഷന്‍ പെര്‍മിറ്റ് കൊടുക്കാന്‍ പഞ്ചായത്ത് തയ്യാറായിട്ടില്ല. വിറക് അടിസ്ഥാന വസ്തുവായി ഉപയോഗിക്കുന്ന പാര്‍ട്ടിക്കിള്‍ ബോര്‍ഡ് നിര്‍മാണ യൂണിട്ടാണ് നിര്‍ദിഷ്ട പദ്ധതി. നിര്‍മാനത്തിനാവശ്യമായ ഇതര വസ്തുക്കള്‍ പുറമെ നിന്നും വാങ്ങി എത്തിക്കുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം.
ഫര്‍ണീച്ചര്‍, ഇന്റീരിയര്‍ ആവശ്യങ്ങള്‍ക്കയാണ് പാര്‍ട്ടിക്കള്‍ ബോര്‍ഡ് ഉപയോഗിക്കുന്നത്.
നിര്‍ദിഷ്ട ഫാക്ട്ടറിക്ക് സമാനമായ യൂണിറ്റ് പെരുമ്പാവൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളിയാമറ്റം പഞ്ചായത്തിലെ കഴിഞ്ഞ ഭരണാസമിതി അംഗങ്ങള്‍, സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ യൂണിറ്റ് സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ മനസിലാക്കിയതാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലര്‍സ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്നിവരുടെ നിരക്ഷേപ പത്രങ്ങള്‍ അടക്കം പഞ്ചായത്തിന് കൈമാറിയിട്ടും നടപടി കൈകൊള്ളാന്‍ പഞ്ചായത്ത് തയ്യാറാവുന്നില്ല. നിരവധി തവണ പഞ്ചായത്ത് സമിതികളില്‍ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ വിഷയം മിനുട്‌സില്‍ ഉള്‍പെടുത്തിയെങ്കിലും തീരുമാനം കൈകൊള്ളാതെ നീട്ടികൊണ്ട് പോവുകയാണെന്നു സംരംഭകര്‍ പറയുന്നു. പ്രദേശത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഫാക്ടറി മലിനീകരണം ഉണ്ടാക്കുമെന്ന വ്യാജ പ്രചരണം കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് കോതമംഗലം സ്വദേശികളായ സംരംഭകര്‍ കെ.വി പരീത്, പി.എം അബൂബക്കര്‍, പ്രവാസി വ്യവസായി കെ.എം യൂസുഫ് എന്നിവര്‍ പറഞ്ഞു.
