Uncategorized

വരാന്‍ പോകുന്നത് പ്ലാസ്റ്റിക് ഹോളോബ്രിക്സുകളുടെ കാലം.

ഇടുക്കി: വരാന്‍ പോകുന്നത് പ്ലാസ്റ്റിക് ഹോളോബ്രിക്സുകളുടെ കാലം… ജൈവവളം വിപണിയിലെത്തിച്ച വണ്ടിപ്പെരിയാറിലെ ഹരിത കര്‍മ്മസേനാംഗങ്ങളാണ് ജില്ലയിലാദ്യമായി ഇത്തരമൊരു നൂതന സംരംഭത്തിനും തുടക്കം കുറിച്ചിരിക്കുന്നത്. ജൈവവള നിര്‍മ്മാണ യൂണിറ്റിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഹോളോബ്രിക്സുകള്‍ നിര്‍മ്മിച്ചത്. യൂണിറ്റിലെ ടെക്നിഷ്യന്‍ ലിജോ തമ്പിയുടെയും ഹരിതകര്‍മ്മ സേനയുടെ കണ്‍സോര്‍ഷ്യം അംഗങ്ങളുടെയും നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം. ഇതിന്റെ ഗുണമേന്മ വിലയിരുത്തുന്നതിനായി എന്‍ജീനീയറിംഗ് കോളജുകളെ സമീപിക്കാനൊരുങ്ങുകയാണ് വണ്ടിപ്പെരിയാറിലെ ഹരിതകേരളം പ്രവര്‍ത്തകര്‍.

 

പ്ലാസ്റ്റിക്കും മണലും ചേര്‍ത്ത് തറയോടുകളും ഹോളോബ്രിക്സുകളും ഉണ്ടാക്കുന്ന ദക്ഷിണാഫ്രിക്കയിലെ കാമറൂണില്‍ നിന്നുള്ള യുട്യൂബ് വീഡിയോയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ഇത്തരമൊരു പരീക്ഷണം നടത്തിയത്. പ്ലാസ്റ്റിക്കുകളും മറ്റും ഉരുക്കി അതിലേയ്ക്ക് മണല്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് അച്ചുകളിലൊഴിച്ച് ഹോളോബ്രിക്സുകളുണ്ടാക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഉറപ്പുണ്ടെങ്കിലും സിമന്റുമായി ചേരുമോയെന്ന സംശയം ചില മേസ്തിരിമാര്‍ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യവും ഇതിന്റെ ഉറപ്പുമൊക്കെയാണ് ഇനി പരീക്ഷിച്ചറിയേണ്ടത്.

 

അടുത്തതായി തറയോടുകളും ടൈലുകളുമാണ് പ്ലാന്‍ ചെയ്യുന്നതെന്ന് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുന്‍ ബിഡിഒയും ജില്ലാ ആസൂത്രണ സമിതി അംഗവുമായ എം ഹരിദാസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ പ്രോല്‍സാഹനത്തിലാണ് ഹരിതകര്‍മ്മ സേനാ കണ്‍സോര്‍ഷ്യം ഇത്തരത്തിലൊരു നൂതന സംരംഭം ആലോചിച്ചതെന്ന് പ്രസിഡന്റ് ലില്ലിക്കുട്ടി തമ്പി, സെക്രട്ടറി മല്ലിക സെല്‍വകുമാര്‍ എന്നിവര്‍ പറഞ്ഞു. കോട്ടയത്തോ തിരുവനന്തപുരത്തോ എന്‍ജിനീയറിംഗ് കോളജുകളുടെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഈ പ്ലാസ്റ്റിക്ക് കട്ടകളെത്തിച്ച് അവയുടെ ഗുണമേന്മയെക്കുറിച്ച് അറിഞ്ഞതിന് ശേഷമാകും തുടര്‍പ്രവര്‍ത്തനങ്ങളുണ്ടാവുകയെന്ന് എം ഹരിദാസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!