Uncategorized

കാക്കൊമ്പ് മേഖലയില്‍ കാട്ടുപന്നിയുടെ  ശല്യം രൂക്ഷം:  കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നു

മുട്ടം: കാക്കൊമ്പ്, കുഴിയനാല്‍, കൊല്ലംകുന്ന്, തേന്‍വേട്ടി പ്രദേശങ്ങളില്‍ കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷമെന്ന് വ്യാപക പരാതി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടുപന്നികള്‍ കൂട്ടത്തോടെ എത്തി പ്രദേശത്തെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുകയാണ്.

പച്ചിലാംകുന്നേല്‍ വിജയന്‍, നെടുമ്പാറയില്‍ വിഘ്‌നേശ്വരന്‍, പുളിക്കല്‍ സിബി, പുളിക്കകുന്നേല്‍ പാപ്പച്ചന്‍ എന്നിവരുടെ കൃഷിയിടത്തിലെ കപ്പ, ചേന, കാച്ചില്‍, വാഴ, ഇഞ്ചി, മഞ്ഞള്‍, ചീര, മുളക് എന്നിവ വ്യാപകമായി നശിപ്പിച്ചു. കുഴിയനാല്‍ പള്ളി ഭാഗത്ത് പ്രഭാത സവാരിക്ക് ഇറങ്ങുന്നവര്‍, വീട്ടുപരിസരങ്ങളിലെ മുറ്റത്തും മറ്റും കളിക്കുന്ന കുട്ടികള്‍, പറമ്പില്‍ പണിക്ക് പോകുന്ന തൊഴിലാളികള്‍, പുല്ലരിയാന്‍ പോകുന്നവര്‍ എന്നിവര്‍ക്ക് നേരെ ആക്രമണ ഭാവത്തില്‍ കാട്ടു പന്നികള്‍ പാഞ്ഞടുക്കുന്ന സംഭവങ്ങളുമുണ്ട്.

ആക്രമണം ഭയന്ന് ടാപ്പിങ് തൊഴിലാളികള്‍ ഏറെ ദിവസങ്ങളായി പണികള്‍ക്ക് പോകുന്നുമില്ല. വാര്‍ഡ് മെമ്പര്‍ ജോസ് കടത്തലക്കുന്നേല്‍ അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തിയെങ്കിലും നടപടികള്‍ ആയില്ല.

 

 

കോവിഡ് വ്യാപനം:

കുടയത്തൂരില്‍ മാസ്റ്റര്‍ പ്ലാന്‍ ആവിഷ്‌കരിച്ചു

 

കുടയത്തൂര്‍: കോവിഡ് പോസിറ്റീവിറ്റി നിരക്ക് ഗണ്യമായി കുറക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ ആവിഷ്‌കരിക്കാന്‍ കുടയത്തൂര്‍ പഞ്ചായത്ത് അടിയന്തര യോഗം ചേര്‍ന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് പഞ്ചായത്ത് പ്രദേശത്ത് ടി.പി.ആര്‍ നിരക്ക് 15 ശതമാനത്തില്‍ കൂടുതലാവുകയും പഞ്ചായത്ത് ഡി കാറ്റഗറിയില്‍ ആവുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പ്രസിഡന്റ് ഉഷ വിജയന്റെ അധ്യക്ഷതയില്‍ വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് അടിയന്തര യോഗം ചേര്‍ന്നത്. പഞ്ചായത്തിന്റെ ഓരോ വാര്‍ഡുകളിലും കൂടുതല്‍ കോവിഡ് പരിശോധകള്‍ നടത്തുക, വാക്‌സിനേഷന്‍ പരമാവധി ആളുകള്‍ക്ക് നല്‍കുന്നതിന് തീവ്ര പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, പഞ്ചായത്തിന്റെ പരിധിയിലുള്ള വ്യാപാരികള്‍, ഓട്ടോ- ടാക്‌സി- മറ്റ് മേഖലകളിലെ തൊഴിലാളികള്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തുക തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനിച്ചു. പഞ്ചായത്ത് ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ്, സെക്ടറല്‍ മജിസ്‌ട്രേറ്റ്, പോലീസ്, മര്‍ച്ചന്റ് അസോസിയേഷന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!