ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ കലോത്സവം സംഘടിപ്പിച്ച് മണക്കാട് എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍


മണക്കാട് : ഓൺലൈൻ പ്ലാറ്റ്ഫോമിൽ കലോത്സവം സംഘടിപ്പിച്ച് മണക്കാട് എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. കോവിഡിനെ തുടര്‍ന്ന് മുടങ്ങിക്കിടന്ന സ്‌കൂള്‍ കലോത്സവമാണ് വേറിട്ട രീതിയില്‍ സംഘടിപ്പിച്ചത്. ദശദിന പരിപാടിയായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ലോക്ക് ഡൗണ്‍ നിയന്ത്രണത്തിന്റെ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുത്ത ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍ നടത്തിയത്. രചനാ മത്സരങ്ങള്‍, പദ്യം ചൊല്ലല്‍, ലളിതഗാനം, മാപ്പിളപ്പാട്ട്, ഭരതനാട്യം, സെമി ക്ലാസിക്കല്‍ നൃത്തം (സിംഗിള്‍) തുടങ്ങിയവയായിരുന്നു മത്സര ഇനങ്ങള്‍. വിജയികള്‍ക്ക് സമ്മാനദാനവും ഓണ്‍ലൈന്‍ ആയി നടത്തി. പി.ടി.എ പ്രസിഡന്റ് ഷിബു സി. നായര്‍ അധ്യക്ഷത വഹിച്ചു. സിനിമാതാരം ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. ഡോ. സി.വി ആനന്ദ ബോസ്, സിനിമാതാരം അമേയ മാത്യു എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സിന്ധുമോള്‍ എം.പി., എം. രമാദേവി, ശശികല എം, അനൂപ് എസ്, ദിലീപ് കുമാര്‍ പി.പി, രേഖ എല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
