പ്രതിസന്ധിയിലായി വിനോദ സഞ്ചാര മേഖല: ടൂറിസം സര്‍ക്യൂട്ട് രൂപീകരിക്കണമെന്ന് ആവശ്യം


ഇടുക്കി: ജില്ലയിലെ ടൂറിസം ഡസ്റ്റിനേഷനുകളെ കോര്‍ത്തിണക്കി ടൂറിസം സര്‍ക്യൂട്ട് രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോവിഡ് മഹാമാരിയും അതെ തുടര്‍ന്നുണ്ടായ ലോക് ഡൗണും ജില്ലയിലെ ടൂറിസം മേഖലക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. സഞ്ചാരികള്‍ എത്താതായത് മുതല്‍ പ്ലാന്റേഷന്‍ ഗാര്‍ഡനുകള്‍ അടച്ചിട്ടിരിക്കുകയാണ്. ടൂറിസവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ പണിയെടുത്തിരുന്ന പതിനായിരത്തില്‍പരം പേര്‍ക്ക് ജില്ലയില്‍ തൊഴില്‍ നഷ്ടപ്പെട്ടു. പ്ലാന്റേഷന്‍ ഗാര്‍ഡനുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്‌റ്റേ കള്‍, ആന സവാരി കേന്ദ്രങ്ങള്‍, കളരി പയറ്റ്, മസാജ് സെന്ററുകള്‍, തുടങ്ങിയ സ്ഥാപനങ്ങള്‍ ഒന്നര വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. വ്യാപാര സ്ഥാപനങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. 2020 ജനുവരി മുതല്‍ സഞ്ചാരികള്‍ എത്തുന്നില്ല. ഇനി പ്രതിസന്ധി മാറുമെന്നതും നിശ്ചയമില്ല. ധനകാര്യ സ്ഥാപനങ്ങളിലെ വായ്പ തിരിച്ചടവ് മുടങ്ങി കട കെണി മൂലം പ്രതിസന്ധിയിലായിമാറിയിരിക്കുകയാണ് ടൂറിസം മേഖല. ഈ സാഹചര്യത്തിലും ജില്ലയിലെ വിനോദ സഞ്ചാര മേഖലകള്‍ വീണ്ടുമൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ് പ്രതീക്ഷിക്കുകയാണ്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നിരവധി ഡസ്റ്റിനേഷനുകളും ധാരാളം സാധ്യതകളുമാണ് ജില്ലയിലുള്ളത്. തേക്കടി, സത്രം, പരുന്തുംപാറ, പാഞ്ചാലി മെട്ട്, ഒട്ടകത്തലമേട്, അരുവിക്കുഴി, കാല്‍വരിമേട്, ഇടുക്കി, മൂന്നാര്‍, തുടങ്ങിയ പ്രദേശങ്ങളെല്ലാം കോര്‍ത്തിണക്കി ടൂറിസം സര്‍ക്യൂട്ട് രൂപീകരിക്കണം. സാഹസിക വിനോദത്തിന് റോപ് വേ സംവിധാനങ്ങള്‍ ഒരുക്കണം. പ്ലാന്റേഷന്‍ ഗാര്‍ഡനുകളെ ഏകോപിപ്പിച്ച് സ്‌പെയ്‌സ് ടൂറിസവും ആദിവാസി കോളനികളെ ബന്ധിപ്പിച്ച് ട്രൈബല്‍ ടൂറിസവും ജില്ലയിലെ പ്രശസ്തമായ ആരാധനാലയങ്ങളെ ബന്ധിപ്പിച്ച് തീര്‍ത്ഥാടന ടൂറിസവും ഒരുക്കണം. വനം,ടൂറിസം വകുപ്പുകളുടെ ഏകോപനമുണ്ടായാല്‍ മാത്രമെ ഇവയെല്ലാം സാധ്യമാകൂ. തേക്കടിയില്‍ ഇക്കോ ടൂറിസം പരിപാടികളുടെ ബുക്കിങ് 90 ശതമാനം ഓണ്‍ലൈന്‍ ആക്കിയത് സഞ്ചാരികളുടെ ഒഴുക്കിന് തടസമാകും. പ്രതിദിനം അയ്യായിരം പേര്‍ എത്തിയിരുന്നത് ആയിരമായി കുറയും. ടൂറിസത്തെ ആശ്രയിച്ച് കഴിഞ്ഞിരുന്ന എല്ലാ പ്രസ്ഥാനങ്ങളെയും ഇത് ബാധിക്കും. വന്‍കിടക്കാര്‍ക്ക് മാത്രമായിരിക്കും 90 ശതമാനം ഓണ്‍ലൈനിന്റെ പ്രയോജനം ലഭിക്കുക. ഓണ്‍ലൈന്‍ ബുക്കിങ് അന്‍പത് ശതമാനമായി നിജപെടുത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
