ChuttuvattomIdukki

നാളത്തെ യു.ഡി.എഫ് ഹര്‍ത്താല്‍ ജനവിരുദ്ധം; കെ.കെ ശിവരാമന്‍

ഇടുക്കി: വെളളിയാഴ്ച്ച യു.ഡി.എഫ് നടത്താനിരിക്കുന്ന ഹര്‍ത്താല്‍ അവരുടെ ജനവഞ്ചനയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.കെ. ശിവരാമന്‍ പറഞ്ഞു. നിര്‍മ്മാണ മേഖല നേരിടുന്ന പ്രതിസന്ധിയായിരുന്നു ജനങ്ങളുടെ പ്രധാനപ്പെട്ട പ്രശ്നം. നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഇതിന് ആവശ്യമായ നിയമഭേദഗതി സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിച്ചു. ചട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ഭേദഗതി അംഗീകരിക്കുന്നതോടെ പട്ടയ ഭൂമിയില്‍ ഇതുവരെ നിര്‍മ്മിച്ച എല്ലാ അനധികൃത നിര്‍മ്മാണങ്ങളും ക്രമപ്പെടുത്തും. ഇനി നല്‍കുന്ന പട്ടയഭൂമിയില്‍ വീടിനു പുറമെ മറ്റു നിര്‍മ്മാണങ്ങള്‍ക്കുള്ള അവകാശം കൂടി നല്‍കുന്നതാണ് ഭേദഗതി. ഇത് വ്യക്തമായിട്ടും നിയമഭേദഗതി അവതരിപ്പിച്ചപ്പോള്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ സഭയില്‍ ഹാജരായില്ല. ഹാജരായിരുന്ന മാത്യു കുഴല്‍നാടന്‍ ബില്ല് അവതരണത്തെ തടസ്സപ്പെടുത്തുകയും ചെയ്തു. ഹര്‍ത്താലുകാര്‍ ഉന്നയിക്കുന്ന മറ്റു വിഷയങ്ങളിലെല്ലാം സര്‍ക്കാര്‍ നടപടി സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. നാല്‍പതിനായിരത്തില്‍പരം പേരുടെ പട്ടയ അപേക്ഷകള്‍ നിലവിലുണ്ട്. വിവിധ ഓഫീസുകളില്‍ ഇതെല്ലാം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. 13 പഞ്ചായത്തുകളിലെ നിര്‍മ്മാണ നിയന്ത്രണം 2005ലെ കേന്ദ്ര ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ഇവിടെ റെഡ് സോണില്‍ ഒരു നില കെട്ടിടവും ഓറഞ്ച് സോണില്‍ മൂന്ന് നില കെട്ടിടങ്ങളും നിര്‍മ്മിക്കാം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നിയന്ത്രണം. ഇക്കാലമത്രയും തുടര്‍ന്ന് വന്ന ജനവഞ്ചന മറച്ചുവയ്ക്കാനുള്ള പാഴ്ശ്രമം മാത്രമാണ് 18 ലെ യു.ഡി.എഫ് ഹര്‍ത്താലെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്ന് ശിവരാമന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!